നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, പി പി ദിവ്യ ആരോപണങ്ങളുന്നയിച്ചത് തെളിവുകളില്ലാതെ; എ ഗീതയുടെ റിപ്പോർട്ട്

'പി പി ദിവ്യ ആരോപണങ്ങളുന്നയിച്ചത് തെളിവുകളില്ലാതെയാണ്. യാത്രയയപ്പിന് പി പി ദിവ്യയെ ആരും ക്ഷണിച്ചിട്ടില്ല'

dot image

കണ്ണൂര്‍: എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെതിരായ പി പി ദിവ്യയുടെ ആരോപണങ്ങൾ പൂർണമായും തള്ളി ലാൻഡ് റവന്യു ജോയിൻ്റ് കമ്മീഷണർ എ ഗീതയുടെ റിപ്പോർട്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല. പി പി ദിവ്യ ആരോപണങ്ങളുന്നയിച്ചത് തെളിവുകളില്ലാതെയാണ്. യാത്രയയപ്പിന് പി പി ദിവ്യയെ ആരും ക്ഷണിച്ചിട്ടില്ല.

ആദ്യം സംസാരിക്കാൻ വിസമ്മതിച്ച ദിവ്യ പിന്നീട് പറഞ്ഞത് ഈ വഴിക്ക് പോകുമ്പോൾ കയറി എന്നാണ്. പിന്നീടാണ് നവീൻ ബാബുവിനെതിരെ സംസാരിച്ചത്. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിന് അവരെത്തിയത് സ്വന്തം ഇഷ്ട പ്രകാരമാണ്. നവീന്‍ ബാബുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും എ ഗീതയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീൻ ബാബുവിന്റെ മരണത്തിൽ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോ‍ർട്ടിന്റെ പൂ‍ർണ രൂപം റിപ്പോ‍ട്ടറിന് കിട്ടി. യാത്രയയ്പ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറേറ്റ് ജീവനക്കാർ സ്ഥിരീകരിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പിപി ദിവ്യ ചടങ്ങിലെത്തിയത് ക്ഷണിക്കാതെയാണെന്ന് സ്റ്റാഫ് കൗണസിൽ സെക്രട്ടറി സി ജിനേഷും മൊഴി നൽകിയിട്ടുണ്ട്.

ദിവ്യയുടെ പ്രസം​ഗത്തിന് പിന്നാലെ നവീൻ ബാബു ദു:ഖിതനായെന്നും നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ആളാണെന്നും സി ജിനേഷിന്റെ മൊഴിയിലുണ്ട്. നവീൻ ബാബുവും ജില്ലാ കളക്ടറും നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് നവീൻ ബാബുവിന്റെ സിഎ റീന പിആറിന്റെ മൊഴി. സ്ഥലം മാറ്റം ലഭിച്ചിട്ടും നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്ക് പോകാൻ കളക്ടർ അനുവദിച്ചില്ലെന്നും മൊഴിയിൽ പറയുന്നുണ്ട്.

പത്തനംതിട്ട കളക്ടർ ആവശ്യപ്പെട്ടിട്ടും, കണ്ണൂ‍ർ കളക്ടർ വഴങ്ങിയില്ലെന്നും മൊഴിയിലുണ്ട്. സ്റ്റാഫ് കൗൺസിലിന്റെ മൊഴി പ്രകാരം യാത്രയയ്പ്പ് ചടങ്ങ് വാട്സാപ്പ് ​ഗ്രൂപ്പിൽ മാത്രമാണ് അറിയിച്ചിരുന്ന് എന്നും, യാതൊരു വിധത്തിലുള്ള നോട്ടീസോ ഒന്നും ഉണ്ടായിരുന്നില്ല എന്നും പിആ‍ർഡിയെ പോലും അറിയിച്ചിരുന്നില്ല എന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നവീൻ ബാബുവിന് എതിരെ ഉയർന്ന ആരോപണങ്ങൾ ശരിയല്ലെന്ന് എഡിഎമ്മിൻ്റെ ഡ്രൈവർ എം ശംസുദ്ദീനും മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എൻഒസി വൈകി ലഭിച്ച സംഭവങ്ങളിൽ അഴിമതി നടന്നിട്ടില്ലെന്ന് അപേക്ഷകരും പറഞ്ഞിട്ടുണ്ട്. നവീൻ ബാബു അഴിമതിക്കാരനാണെന്ന് ആരും പറഞ്ഞതായി ഇതുവരെ കേട്ടിട്ടില്ലെന്നും ശംസുദ്ദീൻ്റെ മൊഴിയിലുണ്ട്.

Content Highlights: A Geetha's report on naveen babu's death

dot image
To advertise here,contact us
dot image