
തിരുവനന്തപുരം : ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്ര വിവാദത്തിൽ പ്രതികരിച്ച് കടകംപ്പള്ളി സുരേന്ദ്രൻ. ഫെയ്സ്ബുക്കിൽ താൻ പങ്കുവെച്ചത് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രമാണെന്നും അതിന് മറ്റ് വ്യാഖ്യാനങ്ങൾ കണ്ടെത്തേണ്ട എന്നും കടകംപ്പള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പ്രൊഫൈൽ ചിത്രത്തെ പോലും ദുരൂകരിക്കുന്ന രീതിയാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. പന്ത്രണ്ടാം പാർട്ടി കോൺഗ്രസ് മുതൽ പങ്കെടുക്കുന്ന ആളാണ് താൻ. തന്നെ പറ്റി എന്താണ് മാധ്യമങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു.
ഇഷ്ടമുള്ള ഫോട്ടോ കവർചിത്രമാക്കിയത് എന്തിനാണ് മറ്റൊരു രീതിയിൽ മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. പാർട്ടി എൽപ്പിക്കുന്ന ദൗത്യം സത്യസന്ധമായി ചെയ്യുന്നയാളാണ് താൻ. സ്ഥാനമാനങ്ങൾക്ക് വേണ്ടി കലഹിക്കുന്ന ആളല്ലെന്നും മാധ്യമങ്ങൾ അത് മനസ്സിലാക്കണമെന്നും കടകംപ്പള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടിയാണ് ഏത് സ്ഥാനത്ത് പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്. മാധ്യമങ്ങൾ ആഗ്രഹിക്കുന്ന അജണ്ടയിൽ കൂടികെട്ടാൻ ശ്രമിക്കരുത്. സ്ഥാനമാനങ്ങൾ നേടുകയാണ് രാഷ്ട്രീയക്കാരൻ്റെ മൗലിക ഉത്തരവാദിത്വമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും തന്നെ മനസ്സിലാക്കാതെ മാധ്യമങ്ങൾ ഇങ്ങനെ ആരോപണങ്ങൾ ഉയർത്തരുതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പാർട്ടിക്കകത്ത് പരിവർത്തനം നടക്കുന്ന കാലമാണ്. പ്രായപരിധി നിശ്ചയിച്ചത് കൊണ്ട് 17 പുതിയ ആളുകൾ എത്തി. താൻ ഇപ്പോൾ തന്നെ ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാണ്. പുതിയ ആളുകൾ വരേണ്ടത് പാർട്ടിയിൽ അത്യാവശ്യമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കുന്നതാണ് കടമ. കണ്ണൂരിലെ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ല ഏതെങ്കിലും സ്ഥാനം കിട്ടാത്തതിനാൽ പിണങ്ങി പോകുന്ന വ്യക്തിയല്ല താൻ. ഇച്ഛാഭംഗമോ പരാതിയോ ഇല്ല.
സിപിഐഎം പാർട്ടി സമ്മേളനം വളരെ വിജയകരമായി നടന്നു. അത് സമ്മതിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല. ഒരു കുറ്റവും പാർട്ടി സമ്മേളനത്തിൽ കാണാൻ കഴിയാത്തത് കൊണ്ട് മാധ്യമങ്ങൾ തന്നെ പോലുള്ളവരെ ഇരയാക്കുന്നു എന്നും കടകംപ്പള്ളി സുരേന്ദ്രൻ വിമർശിച്ചു.
അതേ സമയം പത്മകുമാർ വിഷയത്തിലും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. പുതിയ ആളുകൾ സ്ഥാനങ്ങളിൽ വരണം എന്നുള്ളത് കൊണ്ടാണ് പത്മകുമാറിന്റെ പരിഭവം. പത്മകുമാറിന്റേത് തെറ്റായിട്ടുള്ള സമീപനം ആണെന്ന് ഏത് കമ്മ്യൂണിസ്റ്റുകാരനാണ് സംശയമുള്ളതെന്നും കടകംപ്പള്ളി സുരേന്ദ്രൻ ചോദിച്ചു. പത്മകുമാറിന്റേത് തെറ്റായ സമീപനമാണ്.പാർട്ടി നോക്കുന്നത് പാർട്ടിക്ക് അകത്തുള്ള മെറിറ്റുകളാണെന്നും ശരിയായ തീരുമാനങ്ങൾ മാത്രമേ പാർട്ടി എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights : Kadakampally Surendran says he is not someone who fights for positions