നവീൻ ബാബുവിൻ്റെ മരണം; ഫയലിൽ ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം മൊഴിയിൽ സൂചിപ്പിച്ച് പി പി ദിവ്യ

'അഴിമതി രഹിത സർക്കാരിന് വേണ്ടിയായിരുന്നു പ്രസംഗം' എന്ന ദിവ്യയുടെ മൊഴി ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണ‍റുടെ റിപ്പോർട്ടിൽ

dot image

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗം അഴിമതി രഹിത സർക്കാരിന് വേണ്ടിയായിരുന്നുവെന്ന് പി പി ദിവ്യയുടെ മൊഴി. കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷിച്ച ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണ‍റുടെ റിപ്പോർ‌ട്ടിലാണ് ദിവ്യയുടെ മൊഴിയുള്ളത്. ഫയലിൽ ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസംഗവും മൊഴിയിൽ ദിവ്യ സൂചിപ്പിച്ചിട്ടുണ്ട്.

'ബഹുമാനപ്പെട്ട കേരളത്തിൻ്റെ മുഖ്യമന്ത്രി, അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റ് പറഞ്ഞ, ഏറ്റവും സുപ്രധാനമായ, എൻ്റെയൊക്കെ ഹൃദയത്തിൽ തറച്ച ഒരു വാചകം ഒരു ഫയൽ എന്നാൽ അതൊരു മനുഷ്യൻ്റെ ജീവിതമാണെന്നാണ്. പലപ്പോഴും ഞാൻ ഒരു വിമർശനമായിട്ട് പറയുന്നതായാണ് നിങ്ങൾ കരുതുക. പലപ്പോഴും. അങ്ങനെ പറഞ്ഞിട്ട് പോലും ഒരു ഫയൽ, എൻ്റെ കൈയ്യിലുള്ളൊരു ഫയൽ ഒരു മനുഷ്യൻ്റെ ജീവിതമാണ് എന്ന് എത്ര പേർക്ക് തോന്നിയിട്ടുണ്ട്?' എന്നായിരുന്നു റിപ്പോ‍ർട്ടിലെ ദിവ്യയുടെ മൊഴിയിലുള്ളത്.

യാത്രയയപ്പ് ചടങ്ങിലേയ്ക്ക് ക്ഷണിച്ചത് കളക്ടർ ആണെന്നും ദിവ്യയുടെ മൊഴിയിലുണ്ട്. 'യോഗത്തിലേക്ക് ഞാൻ എത്താൻ ഇടയായ സാഹചര്യം 14, 10. 2024 തിയ്യതിയിലെ ഔദ്യോഗികമായ പരിപാടിയായ പട്ടിക ജാതി വകുപ്പിൻ്റെ സാമുഹിക ഐക്യദാർഢ്യ പക്ഷാചരണം ജില്ലാ ആസൂത്രണ സമിതി ഹാളിൽ വച്ച് രാവിലെ 10 മണിക്ക് നടക്കുകയും ആയതിൻ്റെ ഉദ്ഘാടക ഞാനും ആയതിലെ മുഖ്യ അതിഥി കണ്ണൂർ ജില്ലാ കളക്ടറും ആയിരുന്നു. ആ പരിപാടിയിൽ വെച്ച് കളക്‌ടറുമായി സംസാരിക്കുന്നതിന് ഇടയിലാണ് നവീൻ ബാബുവിൻ്റെ യാത്രയയപ്പ് സംബന്ധിച്ച് യാത്രയയപ്പ് അന്നേ ദിവസം 3 മണിയോട് കൂടി നടക്കുന്നത് അറിയുന്നത്. ആ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന കളക്‌ടറുടെ ചോദ്യത്തിന് മറുപടിയായി ഞാൻ പങ്കെടുക്കാം എന്ന് സമ്മതിക്കുകയും അന്നേ ദിവസം ഉച്ചയ്ക്ക് എൻ്റെ ഓഫീസിൽ സന്ദർശകർ ഉള്ളത് കൊണ്ട് പ്രസ്‌തുത യാത്രയയപ്പ് യോഗത്തിൽ എത്താൻ വൈകിയ നിലയിൽ ഞാൻ കളക്ടറുടെ യോഗം ആരംഭിച്ചോ എന്ന് ആരായുകയും യോഗം ആരംഭിക്കാൻ പോവുകയാണ് എന്ന് കളക്‌ടർ അറിഞ്ഞ ഉടനെ ഞാൻ യോഗ സ്ഥലത്തേക്ക് പുറപ്പെടുകയും അവിടെ എത്തിയപ്പോൾ യോഗം ആരംഭിച്ചിരുന്നു. പ്രസ്തുത യാത്രയയപ്പ് യോഗത്തിൽ പ്രസംഗിക്കാൻ കണ്ണൂർ ഡെപ്യൂട്ടി കളക്‌ടർ ശ്രുതി എന്നിവരാണ് എന്നെ ക്ഷണിച്ചത്. അപ്രകാരം ഞാൻ താഴെ പറയുന്ന നിലയിൽ സംസാരിക്കുകയും ഉണ്ടായിട്ടുണ്ട്' എന്നാണ് പി പി ദിവ്യ നൽകിയ മൊഴി.

കണ്ണൂ‍ർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറേറ്റ് ജീവനക്കാർ സ്ഥിരീകരിക്കുന്നതായി ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണ‍റുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പിപി ദിവ്യ ചടങ്ങിലെത്തിയത് ക്ഷണിക്കാതെയാണെന്ന് സ്റ്റാഫ് കൗണസിൽ സെക്രട്ടറി സി ജിനേഷും മൊഴി നൽകിയിട്ടുണ്ട്. ദിവ്യയുടെ പ്രസം​ഗത്തിന് പിന്നാലെ നവീൻ ബാബു ദു:ഖിതനായെന്നും നവീൻ ബാബു കൈക്കൂലി വാങ്ങില്ലാത്ത ആളാണെന്നും സി ജിനേഷിന്റെ മൊഴിയിലുണ്ട്.

സ്റ്റാഫ് കൗൺസിലിന്റെ മൊഴി പ്രകാരം യാത്രയയ്പ്പ് ചടങ്ങ് വ്ടാസ്ആപ്പ് ​ഗ്രൂപ്പിൽ മാത്രമാണ് അറിയിച്ചിരുന്നതെന്നും, യാതൊരു വിധത്തിലുള്ള നോട്ടീസോ ഒന്നും ഉണ്ടായിരുന്നില്ല എന്നും പിആ‍ർഡിയെ പോലും അറിയിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നവീൻ ബാബുവും ജില്ലാ കളക്ടറും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് നവീൻ ബാബുവിന്റെ സി എ റീന പിആറിന്റെ മൊഴി. സ്ഥലം മാറ്റം ലഭിച്ചിട്ടും നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്ക് പോകാൻ കളക്ടർ അനുവദിച്ചില്ലെന്നും മൊഴിയിൽ പറയുന്നുണ്ട്.

Content Highlights: Naveen Babu's death PP Divya mentions Chief Minister's speech in her statement

dot image
To advertise here,contact us
dot image