
കോട്ടയം: പി സി ജോര്‍ജ്ജിൻ്റെ പ്രസംഗത്തില്‍ മതവിദ്വേഷം വളര്‍ത്തുന്നതായ ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെസിബിസി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പാലാ ബിഷപ് വിളിച്ചുചേര്‍ത്ത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ലഹരിവിരുദ്ധ സമ്മേളനത്തിലായിരുന്നു പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്.
ഈ സമ്മേളനം പൂര്‍ണ്ണമായും രൂപതാതിര്‍ത്തിക്കുള്ളിലെ എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, പിടിഎ. പ്രസിഡന്റുമാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു. മാരക ലഹരി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്. നാനൂറോളം പ്രമുഖര്‍ പങ്കെടുത്ത സമ്മേളനമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക ഏതെങ്കിലും മതത്തേക്കുറിച്ച് പരാമര്‍ശം ഉണ്ടായിട്ടില്ല. പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്ന മാരക ലഹരി ഉള്‍പ്പെടെയുള്ള ചില വിഷയങ്ങളില്‍ ഒരു സാധാരണക്കാരന്റെ വികാരം ഒരു മതത്തെയും വ്രണപ്പെടുത്താതെ പരാമര്‍ശിച്ചു എന്നതിനപ്പുറം ഇതിനെ കാണേണ്ടതില്ല. ഈ പ്രസംഗം നാലുതവണ ആവര്‍ത്തിച്ച് ഞാന്‍ പരിശോധിച്ചതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്ക്' എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കാന്‍ ആരും ശ്രമിക്കേണ്ടതുമില്ല എന്നും അദ്ദേഹം പറഞ്ഞു.
24,000 കോടി രൂപയുടെ മാരക ലഹരിവസ്തുക്കള്‍ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും, ഈ തലമുറ ഭ്രാന്തന്‍മാരെപ്പോലെ മാനസികാവസ്ഥയില്‍ അക്രമകാരികളാകുന്നതുമാണ് ചര്‍ച്ചാ വിഷയമാക്കേണ്ടത്.
അതിനെ നിസാരവല്‍ക്കരിക്കാനും വിഷയത്തില്‍ നിന്ന് വ്യതിചലനം ഉണ്ടാക്കാനും ശ്രമിക്കുന്നതും ന്യായമായി കാണുന്നില്ല എന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയെന്ന പേരിൽ മൂന്ന് പരാതികളാണ് ഉയർന്നിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് പൊലീസ് പരിഗണിച്ച് വരികയാണ്.
Content Highlights : 'P.C. George's speech does not promote religious hatred'; Prasad Kuruvilla