'പെട്രോൾ പമ്പിന് അനുമതി നിഷേധിച്ചത് പൊലീസ്, ഫയലിൽ കാലതാമസം ഉണ്ടായിട്ടില്ല'; ക്ലാർക്കിൻ്റെ മൊഴി പുറത്ത്

ഏതെങ്കിലും തരത്തില്‍ പെട്രോൾ പമ്പിന് അനുമതി നിഷേധിക്കാനുള്ള ശ്രമം എഡിഎമ്മിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല

dot image

തിരുവനന്തപുരം : കണ്ണൂർ മുൻ എഡിഎം നവീൻബാബു കൈക്കൂലി വാങ്ങിയെന്ന പി പി ദിവ്യയുടെ ആരോപണം പൊളിയുന്നു. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് കാലതാമസം ഉണ്ടായിട്ടില്ലെന്ന് ഫയൽ കൈകാര്യം ചെയ്ത ക്ലാർക്ക് ഹരീഷ് എൻ മൊഴി നൽകി. പെട്രോൾ പമ്പ് ഫയൽ കൈകാര്യം ചെയ്ത ഡി ഫോർ സെക്ഷനിലെ ക്ലാർക്കാണ് ഹരീഷ്. പെട്രോൾ പമ്പിന് അനുമതി നൽകാനായി നവീൻബാബു പണം വാങ്ങിയെന്ന ആരോപണങ്ങളിൽ വസ്തുതയില്ല. ടൗൺ പ്ലാനറുടെ റിപ്പോർട്ട് കിട്ടി ഒരാഴ്ചയ്ക്കകം തന്നെ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ഹരീഷ് മൊഴി നൽകി.

പമ്പിന് അനുമതി നൽകാൻ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടില്ല. ഇത്തരം ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഹരീഷ് മൊഴി നൽകി. 4-12-23 ലാണ് പെട്രോൾ പമ്പിന് അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയൽ എത്തുന്നത്. ഫയലെത്തി പത്ത് ദിവസങ്ങൾക്ക് ശേഷം വിവിധ വകുപ്പുകളുടെ പരിശോധനയ്ക്ക് അയച്ചു. എന്നാൽ 5-6 മാസം സമയമെടുത്താണ് പല വകുപ്പുകളും ഫയലിന് മറുപടി നൽകിയത്. വിവിധ വകുപ്പുകളുടെ റിപ്പോർട്ട് 1-3-24 ൽ പൊലീസിന് സമർപ്പിച്ചു. എന്നാൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം പെട്രോൾ പമ്പിന് അനുമതി നൽകരുതെന്ന റിപ്പോർട്ട് എഡിഎമ്മിന് സമർപ്പിച്ചു.

പെട്രോൾ പമ്പ് നിർമ്മിക്കുന്നത് പള്ളിയുടെ ഭൂമിയാണ്. ഈ ഭൂമിയ്ക്ക് 40,000 രൂപയാണ് മാസവാടക.പെട്രോൾ പമ്പ് വരുന്നതിൽ പരിസരവാസികൾക്കും എതിർപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ പെട്രോൾ പമ്പിലേക്ക് കയറുന്ന റോഡിന് ഒരു വളവ് ഉണ്ടായിരുന്നു. ഈ വളവിലൂടെ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ വാഹനാപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആയതിനാൽ പമ്പിന് അനുമതി നൽകരുതെന്നുമാണ് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. എന്നാൽ പൊലീസ് റിപ്പോർട്ട് പരിശോധിച്ച ഉടൻ തന്നെ പെട്രോൾ പമ്പിന്റെ സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തി ടൗണ്‍പ്ലാനറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിഎം ആവശ്യപ്പെടുകയായിരുന്നു.

1-10-24 ൽ ടൗണ്‍പ്ലാനര്‍ റിപ്പോര്‍ട്ട് കൈമാറി. റിപ്പോർട്ട് കൈമാറിയതിന് പിന്നാലെ 7-10-24ൽ നവീൻ ഉത്തരവിറക്കിയിരുന്നു. ഏതെങ്കിലും തരത്തില്‍ പെട്രോൾ പമ്പിന് അനുമതി നിഷേധിക്കാനുള്ള ശ്രമം എഡിഎമ്മിന്‌റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അനുമതി അനുവദിക്കാനുള്ള സാഹചര്യമുണ്ടോ എന്നാണ് അദ്ദേഹം പരിശോധിച്ചത് എന്ന് ഡി ഫോർ സെക്ഷനിലെ ക്ലാർക്കിന്റെ മൊഴിയിൽ നിന്നും വ്യക്തമാണെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേ സമയം കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൻ്റെ പൂർണ രൂപം റിപ്പോർട്ടറിന് ലഭിച്ചു. ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ 536 പേജുകളുള്ള അന്വേഷണ റിപ്പോ‍ർട്ട് റിപ്പോർട്ട‍ർ പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പിപി ദിവ്യ നൽകിയ മൊഴിയും റിപ്പോർട്ടറിന് ലഭിച്ചു. നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഖമുണ്ടെന്ന് ദിവ്യ മൊഴി നൽകി. നവീൻ ബാബുവിനെ പ്രസം​ഗത്തിന് ശേഷം നിരവധി പേർ ബന്ധപ്പെട്ടെന്നും മൊഴിയിൽ പറയുന്നുണ്ട്. നേരിട്ടും ഫോണിലും നവീനെ പലരും ബന്ധപ്പെട്ടു. പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് കലക്ടർ ചോദിച്ചു. പങ്കെടുക്കാമെന്ന് സമ്മതിച്ചെന്നും പിപി ദിവ്യ മൊഴി നൽകി. യോഗത്തിനെത്തിയത് കലക്ടർ ക്ഷണിച്ചിട്ടെന്നും പിപി ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ ക്ഷണിച്ചില്ലെന്നാണ് കളക്ടറുടെ മൊഴി.

തൻ്റെ പ്രസംഗം സദുദ്ദേശത്തോടെയായിരുന്നു. ദുഷ്ടലാക്ക് ഉണ്ടായിരുന്നില്ല. അഴിമതി രഹിത സർക്കാരിന് വേണ്ടിയായിരുന്നു പ്രസംഗം. മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനായിരുന്നു പ്രസംഗമെന്നും ദിവ്യ മൊഴി നൽകി.തൻ്റെ പ്രസ്താവന പിന്നീട് എഡിഎം തിരുത്തിയില്ല എന്നും ദിവ്യയുടെ മൊഴി. ഫയലുകൾ നീട്ടിക്കൊണ്ട് പോകരുതെന്ന നിലപാടാണ് തനിക്കുള്ളത്. തൻ്റെ സംഘടനാ പാടവവും മൊഴിയിൽ ദിവ്യ വിശദീകരിക്കുന്നുണ്ട്. കണ്ണൂ‍ർ‌ ജില്ലാ പഞ്ചായത്താക്കിയെന്നും മൊഴി. ഫയലിൽ ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസംഗവും മൊഴിയിലുണ്ട്.

content highlights : Police denied permission for petrol pump; there was no delay in the file; clerk's statement released

dot image
To advertise here,contact us
dot image