ലൗ ജിഹാദ് ആരോപണത്തിൽ 4000 പേരുടെ കണക്കുണ്ട്; പി സി ജോർജിൻ്റെ വിദ്വേഷ പരാമർശത്തിന് പിന്നാലെ ഷോൺ ജോർജും

പി സി ജോർജിന്റെ നാവിന്റെ താക്കോൽ പൊലീസിന് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷോൺ ജോർജ് പറഞ്ഞു

dot image

കോട്ടയം: വിവാദ പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ ബിജെപി നേതാവ് പി സി ജോർജിനെ പിന്തുണച്ച് മകൻ ഷോൺ ജോർജ്. പി സി ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ലൗ ജിഹാദ് ആരോപണത്തില്‍ 400 അല്ല, 4000 പേരുടെ കണക്കുണ്ടെന്നും ചോദിച്ചാല്‍ ബോധ്യപ്പെടുത്തേണ്ട ഇടത്ത് നല്‍കുമെന്നും ഷോണ്‍ ജോര്‍ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'പി സി ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന്റ കയ്യില്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെ ഏതെങ്കിലും രീതിയില്‍ സംഘടനകള്‍ക്ക് എതിരെ പ്രതികരിച്ചാല്‍ ഉടനെ കേസെടുക്കുന്ന നിലപാട് പൊലീസ് തുടര്‍ന്നാല്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടും', ഷോണ്‍ ജോര്‍ജ് പറഞ്ഞു.

വിദ്വേഷ പരാമര്‍ശ കേസില്‍ കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് വിവാദ പരാമർശവുമായി പി സി ജോർജ് വീണ്ടും രംഗത്തെത്തിയത്. ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമർശം.

'മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. എത്ര എണ്ണത്തെ തിരിച്ചുകിട്ടി? നാല്‍പ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടി. എനിക്കറിയാം വേദനിക്കുന്ന അനുഭവങ്ങള്‍. എനിക്ക് കിട്ടിയ അനുഭവവുമുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല. പക്ഷേ നിങ്ങളോട് എനിക്ക് പറയാനുള്ളത്, സ്‌കൂളില്‍ പിള്ളേരെ ഒന്ന് പേടിപ്പിച്ചാലൊന്നും നടക്കില്ല. സാറമ്മാര്‍ അവരുടെ കുടുംബത്തില്‍ അവരുടെ ഭാര്യയും മക്കളുമായി ചര്‍ച്ച ചെയ്ത് ഈ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടുക', ഇതായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ഇതിനെതിരെ ഈരാറ്റുപേട്ട യൂത്ത് ലീഗ് ദിഷ സംഘടയനും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Shone George also follows PC George s hate speech

dot image
To advertise here,contact us
dot image