'വി ഡി സതീശന്‍ നിയമസഭയിലെ കിറുകൃത്യം സമാജികന്‍; രമേശ് ചെന്നിത്തല ഇരുത്തംവന്ന നേതാവ്'; പുകഴ്ത്തി സി ദിവാകരന്‍

ഇരുപത്തിയെട്ടാം വയസില്‍ ചെന്നിത്തല മന്ത്രിയായി. താന്‍ ആ പ്രായത്തില്‍ കൊടി പിടിച്ച് നടക്കുകയായിരുന്നുവെന്നും സി ദിവാകരന്‍

dot image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയേയും പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരന്‍. നിയമസഭയിലെ കിറുകൃത്യം സാമാജികനാണ് വി ഡി സതീശനെന്ന് സി ദിവാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തല ഇരുത്തം വന്ന നേതാവാണ്.ഇരുപത്തിയെട്ടാം വയസില്‍ ചെന്നിത്തല മന്ത്രിയായി. താന്‍ ആ പ്രായത്തില്‍ കൊടി പിടിച്ച് നടക്കുകയായിരുന്നുവെന്നും സി ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സി ദിവാകരന്‍.

താന്‍ കോണ്‍ഗ്രസ് വേദിയിലെ പുതിയ ആളല്ലെന്നും ജി സുധാകരനാണ് ഇന്നത്തെ താരമെന്നും സി ദിവാകരന്‍ പറഞ്ഞു. ജി സുധാകരന് മുന്‍പ് തന്നെ സംസാരിക്കാന്‍ വിളിച്ചത് എന്തിനെന്നറിയാമെന്നും സി ദിവാകരന്‍ പറഞ്ഞു. സുധാകരന്‍ സംസാരിച്ച് കഴിഞ്ഞാല്‍ നിങ്ങളെല്ലാം പോകുമെന്ന് തനിക്കറിയാമെന്ന് സി ദിവാകരന്‍ പറഞ്ഞു. ഗുരുവിന്റെ തത്വങ്ങള്‍ ഗുരുവിന്റെ പിന്‍ഗാമികള്‍ തന്നെ തെറ്റിക്കുന്നു. കേരളം ചര്‍ച്ച ചെയ്യുന്നത് ബ്രൂവറി വേണോ വേണ്ടയോ എന്നാണ്. പടിപടിയായി മദ്യം കുറക്കുമെന്നാണ് പറഞ്ഞത്. എവിടെ കുറയ്ക്കാനെന്നും ദിവാകരന്‍ വിമര്‍ശിച്ചു.

സി ദിവാകരനേയും ജി സുധാകരനേയും പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. നിയമസഭയില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം പറയാറുണ്ടെന്നും എന്നാല്‍ സി ദിവാകരനെയും ജി സുധാകരനെയും കുറിച്ച് ഒരിക്കലും പറയേണ്ടി വന്നിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രത്യയശാസ്ത്രത്തിന്റെ തടവുകാരാകാത്ത രണ്ടുപേരാണ് സി ദിവാകരനും ജി സുധാകരനും. ജി സുധാകരനെ നോക്കിക്കാണുന്നത് ആദരവോടെയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ജി സുധാകരനും സി ദിവാകരനും ഈ വേദിയില്‍ പങ്കെടുക്കുന്നത് നല്ല ലക്ഷണമാണെന്ന് വി എം സുധീരനും പറഞ്ഞു. ലഹരിക്കും അക്രമത്തിനുമെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒന്നിച്ച് നില്‍ക്കണം. ലഹരിയില്‍ നിന്നും അക്രമങ്ങളില്‍ നിന്നും തലമുറകളെ രക്ഷിക്കണം. കൂട്ടായിട്ടുള്ള പരിശ്രമം ആവശ്യമാണെന്നും വി എം സുധീരന്‍ പറഞ്ഞു.

Content Highlights- C Divakaran about V D Satheesan and ramesh chennithala

dot image
To advertise here,contact us
dot image