കിളിയൂർ ജോസിൻ്റെ കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളും; ഡോ. നിയാസിനെതിരെ കുരുക്ക് മുറുക്കി ശബ്ദരേഖകൾ

ഡോക്ടര്‍ നിയാസ് കാരണം എംബിബിഎസ് കരിയറില്‍ തനിക്ക് നഷ്ടമായത് 3 വര്‍ഷമാണെന്ന് പ്രജിൻ പറയുന്നുണ്ട്

dot image

തിരുവനന്തപുരം: കുടുംബം സാത്താന്‍ സേവയാണെന്ന് സംശയിച്ച കിളിയൂര്‍ ജോസിന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകളും. മകന്‍ പ്രജിന്റെ പഠനത്തിനായി ജോസ് ഏഷ്യന്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഏജന്റായ ഡോ. നിയാസിന് കൈമാറിയ പണം മെഡിക്കല്‍ കോളേജില്‍ അടച്ചിരുന്നില്ല. ഇത് വ്യക്തമാക്കുന്ന ജോസും ഡോ. നിയാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഡോക്ടര്‍ നിയാസ് കാരണം എംബിബിഎസ് കരിയറില്‍ തനിക്ക് നഷ്ടമായത് 3 വര്‍ഷമെന്ന് പ്രജിന്‍ പറയുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. പ്രജിന്റെയും ജോസിന്റെയും ശബ്ദരേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഡോ. നിയാസുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ മകന്റെ ഭാവി എന്തിനാണ് തകര്‍ക്കുന്നതെന്ന് ജോസ് ചോദിക്കുന്നുണ്ട്. ഡോക്ടറെ വിളിച്ചിട്ടും മറുപടിയില്ല. എച്ച് എസ് കെയ്ക്ക് 95,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇത് അടച്ചിട്ടില്ല. ഡോക്ടര്‍ എന്തിന് 95,000 രൂപ വാങ്ങി എന്ന് ജോസ് ചോദിക്കുമ്പോള്‍ താനൊന്നും വാങ്ങിയില്ല എന്നാണ് ഡോ. നിയാസ് പറയുന്നത്. പിന്നെ ആരാണ് വാങ്ങിയത് എന്ന് ജോസ് ചോദിക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ പ്രൂഫ് കൊണ്ടുവരൂ എന്നും പൊലീസിന് പരാതി കൊടുക്കൂ എന്നുമാണ് ഡോ. നിയാസ് മറുപടി പറയുന്നത്.

പ്രജിന്‍ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് ശബ്ദസന്ദേശത്തിലും ഡോ. നിയാസിനെതിരെ ആരോപണമുണ്ട്. ഇതിന് പുറമേ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പ്രജിന്‍ സൂചിപ്പിക്കുന്നുണ്ട്. ഏജന്‍സി ഫീസായി അന്‍പതിനായിരം രൂപ അടച്ചതായി പ്രജിന്‍ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. ഏഷ്യന്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി വഴിയാണ് ഫീസ് അടച്ചത്. നാല് ലക്ഷം രൂപ സ്വര്‍ണം പണയം വെച്ച് ഏജന്‍സിക്ക് കൊടുത്തു. എച്ച് എസ് കെയുടെ 95,000 രൂപ നിയാസിന് നല്‍കി. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് 59,500 രൂപ നല്‍കി. കോഴ്‌സിന്റെ എട്ടാമത്തെ കൊല്ലം താന്‍ പാസായി. മാര്‍ക്ക് ലിസ്റ്റ് ചോദിച്ചിട്ടും കിട്ടിയില്ല. ഫീസ് അടച്ചില്ലെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്. ഏജന്‍സി കാരണം നഷ്ടമായത് മൂന്ന് വര്‍ഷമാണ്. പഠനത്തിന് 85 ലക്ഷം രൂപ ചെലവായി. ലണ്ടനില്‍ ജോലി ചെയ്യാനാണ് ആഗ്രഹിച്ചത്. 27 വയസായിട്ടും സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അമ്മയെയും അച്ഛനെയും ആശ്രയിക്കേണ്ട അവസ്ഥയിലായെന്നും പ്രജിന്‍ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. സാമ്പത്തിക ഇടപാട് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും പൊലീസ് ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. സാത്താന്‍സേവ വിട്ട് കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ മാസം അഞ്ചിനാണ് അതിക്രൂര കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസി(70)നെ മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊവിഡിനെ തുടർന്നാണ് പ്രജിൻ ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിൽ മടങ്ങിയെത്തിയത്. പിന്നീട് അഭിനയ മോഹവുമായി പ്രജിൻ കൊച്ചിയിൽ എത്തി. തിരികെ വന്നശേഷം മകനിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയതായി അമ്മ നേരത്തേ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

Content Highlights- 'Even at the age of 27, I had to depend on my parents', audio recording of Praj, accused in Kiliyoor murder, released

dot image
To advertise here,contact us
dot image