'നിബന്ധനകളും ചട്ടങ്ങളും ഒയാസിസ് പാലിക്കണം; കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്ന് മന്ത്രി എം ബി രാജേഷ്

ഭൂമി പ്രശ്നം എക്സൈസ് വകുപ്പല്ല കൈകാര്യം ചെയ്യേണ്ടതെന്നും എം ബി രാജേഷ് പറഞ്ഞു

dot image

പാലക്കാട്: ഒയാസിസിനെതിരെ മിച്ചഭൂമിക്കേസ് എടുക്കാനുള്ള നീക്കത്തിൽ പ്രതികരണവുമായി എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കേസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. നിബന്ധനകൾക്കും മാർഗനിർദേശങ്ങൾക്കും വിധേയമായി പ്രാരംഭ അനുമതിയാണ് ഒയാസിസ് കമ്പനിക്ക് എക്സൈസ് വകുപ്പ് നൽകിയത്. നിബന്ധനകളും ചട്ടങ്ങളും ഒയാസിസ് പാലിക്കണം. ഭൂമി പ്രശ്നം എക്സൈസ് വകുപ്പല്ല കൈകാര്യം ചെയ്യേണ്ടതെന്നും എം ബി രാജേഷ് പറഞ്ഞു.

ഒയായിസ് ഭൂമി കൈവശംവെച്ചത് ചട്ടവിരുദ്ധമായാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള റവന്യു വകുപ്പിന്റെ തീരുമാനം. വിഷയവുമായി ബന്ധപ്പെട്ട് നിയമ നടപടികളിലേക്ക് കടക്കാൻ താലൂക്ക് ലാൻഡ് ബോർഡിന് റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കമ്പനികൾക്ക് നിയമാനുസൃതമായി കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്ക‍ർ ആണെന്നിരിക്കെ ഒയാസിസ് കമ്പനിക്ക് 24.59 ഏക്ക‍ർ ഭൂമി രജിസ്റ്റ‍ർ ചെയ്ത് നൽകിയത് നിയമാനുസൃതമല്ലെന്നാണ് കണ്ടെത്തൽ. രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിൽ രേഖാ മൂലം അറിയിച്ചതാണ് ഇക്കാര്യം.

എലപ്പുള്ളിയില്‍ ബ്രൂവറി നിർമാണവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. പ്രതിപക്ഷമുൾപ്പടെ വിഷയത്തിൽ വ്യാപക പ്രതിഷേധമുയർത്തി. പ്ലാന്റിനെതിരെ എൽഡിഎഫിലെ ഘടകകക്ഷികളും വിമർശനം ഉന്നയിച്ചിരുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് നിരക്കാത്ത പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാകണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം ആവശ്യപ്പെട്ടിരുന്നു. വിഷയം വ്യാപക ചർച്ചയായിരിക്കെയാണ് ഒയാസിസിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനമുണ്ടായിരിക്കുന്നത്.

Content Highlights: Excise Minister M B Rajesh responds to the surplus land case against Oasis

dot image
To advertise here,contact us
dot image