
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഓരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇരുവരും രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും സാമൂഹികമാറ്റത്തിന് ഉത്തേജനം പകര്‍ന്നവരാണെന്നും വിഡി സതീശന്‍ പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മാനവ നന്മയായിരുന്നു ഗുരുവിന്‍റെയും ഗാന്ധിജിയുടെയും ചിന്തയുടെ കാതല്‍. മനുഷ്യരിലേക്ക് ഇറങ്ങി ചെന്നവരാണ് ഇരുവരും. ശ്രീനാരായണഗുരു കേരളത്തിലെ സാമൂഹ്യമാറ്റത്തിന് തിരികൊളുത്തിയ വ്യക്തിയാണ്. എല്ലാ മതങ്ങളെയും ചേര്‍ത്ത് നിര്‍ത്തിയയാളാണ് ഗാന്ധിജി.
തന്നിൽ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിച്ച കൂടിക്കാഴ്ചയായിരുന്നു ഗുരുവും അയങ്കാളിയുമായിട്ടുളള കൂടിക്കാഴ്ചയെന്ന് ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതേതരത്വത്തിന് പുതിയ ഭാഷ്യം നൽകാൻ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഗമത്തിന്‍റെ സന്ദേശം വരും തലമുറക്കും പകരണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.
Content Highlights: VD satheesan About Gandhiji and Guru