
തിരുവനന്തപുരം: ഫുട്‌ബോള്‍ താരങ്ങളായ അനസ് എടത്തൊടികക്കും റിനോ ആന്റോയ്ക്കും സര്‍ക്കാര്‍ നിയമനം നല്‍കാത്തത് എന്ത് കൊണ്ടെന്ന് നിയമസഭയില്‍ ചോദിച്ച് ടി വി ഇബ്രാഹിം എംഎല്‍എ. ചോദ്യോത്തരവേളയിലാണ് ഇക്കാര്യം ടി വി ഇബ്രാഹിം ഇക്കാര്യം ഉന്നയിച്ചത്.
ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് വരെ ജോലി കൊടുത്തിട്ടും 22 അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്ത അനസ് എടത്തൊടിക, റിനോ ആന്റോ എന്നിവര്‍ക്ക് നിയമനം നല്‍കാത്തത് എന്തുകൊണ്ടെന്ന് ടി വി ഇബ്രാഹിം ചോദിച്ചു. ടി വി ഇബ്രാഹിമിന്റെ ചോദ്യത്തിന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ മറുപടി പറഞ്ഞു. അനസ് എടത്തൊടിക നിശ്ചിത കാലയളവില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നില്ലെന്നും അത് കൊണ്ടാണ് നിയമനം കിട്ടാഞ്ഞതെന്നും വ്യക്തമാക്കി.
ജോലിക്കായി സര്‍ക്കാര്‍ നിയമപരിധി നിശ്ചയിച്ച സമയത്ത് അനസ് എടത്തൊടികയുടെ അപേക്ഷ ലഭിച്ചിരുന്നില്ല. മാത്രമല്ല മറ്റൊരു ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആരെയും ഒഴിവാക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. 241 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2016 മുതല്‍ 19 കാലയളവില്‍ മത്സരിച്ച ആളുകളെയാണ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Content Highlights: 'Why aren't Anas and Rino Anto appointed?'; TV Ibrahim asks in the assembly