'തുഷാര്‍ ഗാന്ധിക്കെതിരെ കേസെടുക്കണം'; മഹാത്മാ ഗാന്ധിയുടെ ചെറുമകനെതിരെ ബിജെപി ധര്‍ണ്ണക്ക്

തുഷാര്‍ ഗാന്ധിയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ അഞ്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

dot image

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചെറുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം. തുഷാര്‍ ഗാന്ധിക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. നെയ്യാറ്റിന്‍കരയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നാളെ പ്രതിഷേധ ധര്‍ണ നടത്താനാണ് ബിജെപിയുടെ തീരുമാനം. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് ധര്‍ണ്ണ നടത്തുക.

അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ അഞ്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അനധികൃതമായി സംഘംചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. മഹേഷ് നായര്‍, കൃഷ്ണ കുമാര്‍, ഹരി കുമാര്‍, സൂരജ്, അനൂപ് എന്നിവരായിരുന്നു അറസ്റ്റിലായത്. മഹേഷന്‍ നായര്‍ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ കൂട്ടപ്പന വാര്‍ഡ് കൗണ്‍സിലര്‍ ആണ്. നെയ്യാറ്റിന്‍കര പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് തുഷാര്‍ ഗാന്ധിയെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്‍സര്‍ പടര്‍ത്തുന്നതെന്നും തുഷാര്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ തുഷാര്‍ഗാന്ധി പ്രതിഷേധത്തിനെതിരെ ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.

സംഭവത്തില്‍ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിന്തുണയുമായി രംഗത്തെത്തി. തുഷാര്‍ ഗാന്ധിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് എതിരായുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തില്‍ നിയമനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

Content Highlights: BJP protest to want arrest of Tushar Gandhi

dot image
To advertise here,contact us
dot image