
കൊച്ചി:ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണ ചടങ്ങുകൾ 25ന് ലബനനിൽ നടക്കും. ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കും. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘം ലബനനിൽ എത്തും. വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എംഎൽഎമാരായ പി,വി ശ്രീനിജൻ, ഇ ടി ടൈസൺ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിൾ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവരുണ്ട്. കേരളത്തിൽ നിന്നും വിദേശത്ത് നിന്നുമായി 700ലധികം പേർ ചടങ്ങിൽ പങ്കെടുക്കും.
മാർച്ച് 25ന് വൈകുന്നേരം നാലിന് അച്ചാനെയിലെ പാത്രിയർക്കാ അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രീയർക്കീസ് ബാവ മുഖ്യകാർമികനാകും. സുറിയാനി ഓർത്തഡോക്സ് സഭയിലെ മെത്രാപോലീത്തമാരും ഇതരസഭകളിലെ മേലധ്യക്ഷൻമാരും മെത്രാപോലീത്തമാരും സഹകാർമികരാകും.ലബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ ഉൾപ്പടെയുള്ള പ്രമുഖരും പങ്കെടുക്കും.
യാക്കോബായ സുറിയാനിസഭയുടെ പ്രാദേശിക തലവനായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ നിര്യാണത്തെ തുടർന്നാണ് ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപോലീത്തയെ പിൻഗാമിയായി ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രഖ്യാപിച്ചത്.
Content Highlights : Catholicosate ordination of Metropolitan Joseph Mor Gregorios on the 25th