നഗരസഭാ ചെയര്‍പേഴ്‌സണ്‍ മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്നു; കൗണ്‍സിലറുടെ ഓഡിയോ സന്ദേശം പുറത്ത്

ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ക്കെതിരെ സിപിഐഎം നേതൃത്വത്തിന് പരാതി നല്‍കുമെന്ന് ചെയർപേഴ്സണ്‍

dot image

പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഐഎം കൗണ്‍സിലറുടെ ഓഡിയോ സന്ദേശം പുറത്ത്. കൗണ്‍സിലര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ദിവ്യ റെജി മുഹമ്മദിനെതിരായ കൗണ്‍സിലര്‍ റോണി പാണം ചുണ്ടിലിന്റെ ശബ്ദസന്ദേശം എത്തിയത്. നിങ്ങള്‍ക്കെന്നെ പുറത്താക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്യാം. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ കളിക്കുന്ന കളി നല്ലതിനായിരിക്കില്ലെന്ന് കൗണ്‍സിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

'തനിക്ക് നഷ്ടപ്പെടാന്‍ ഒരു കുന്തവുമില്ല. മുകളില്‍ ആകാശം താഴെ ഭൂമി. പക്ഷെ നിങ്ങള്‍ക്ക് അങ്ങനെയല്ല. എനിക്ക് വലിയ രാഷ്ട്രീയ ഭാവി ഇല്ലെന്ന് അറിയാം' എന്നും കൗണ്‍സിലര്‍ പറയുന്നുണ്ട്. എന്നാല്‍ ആരോപണം ചെയര്‍പേഴ്‌സണ്‍ നിഷേധിച്ചു. കൗണ്‍സിലര്‍ പറയുന്ന കടയെക്കുറിച്ച് തനിക്ക് അറിയുകയില്ലെന്നും ലഹരി മരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയാണ് നഗരസഭ എടുക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് പറഞ്ഞു.

'കൗണ്‍സിലര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ലഹരി മാഫിയയുമായി യാതൊരു ബന്ധവുമില്ല. ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ക്കെതിരെ സിപിഐഎം നേതൃത്വത്തിന് പരാതി നല്‍കും. നടപടി പാര്‍ട്ടി തീരുമാനിക്കട്ടെ. ഞാനൊരു വനിതയും അമ്മയുമാണ്. ലഹരി മാഫിയയ്ക്ക് കൂട്ടുനില്‍ക്കേണ്ട ആവശ്യമില്ല. ലഹരി മാഫിയക്കെതിരെ നിയമപാലകര്‍ നടപടി സ്വീകരിക്കട്ടെ. തെളിവുണ്ടെങ്കില്‍ കൗണ്‍സിലര്‍ ഹാജരാക്കട്ടെ. ലഹരി മാഫിയക്കെതിരെ നഗരസഭയും ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്', എന്നും ദിവ്യ റെജി മുഹമ്മദ് പറഞ്ഞു.

അതേസമയം ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ അടൂര്‍ നഗരസഭ കാര്യാലയത്തിന് മുന്നില്‍ കോണ്‍ഗ്രസ് ഉപരോധം സംഘടിപ്പിച്ചു. സിപിഐഎം കൗണ്‍സിലറുടെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭ ഉപരോധിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗ്രില്‍ തള്ളി തുറന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകത്തേക്ക് കയറാന്‍ ശ്രമം നടത്തി. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കി പോലീസ് ഗ്രില്‍ അടയ്ക്കുകയായിരുന്നു.

Content Highlights: Councilor allegation against adoor chairperson link to drug pathanamthitta

dot image
To advertise here,contact us
dot image