
തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസക്കാലമായി സെക്രട്ടറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്ക് സൗജന്യമായി പൊങ്കാല കിറ്റ് വിതരണം നടത്തി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രക്കിടയിൽ സമര വേദിയിലെത്തി കിറ്റ് വിതരണം ചെയ്യാമെന്ന് ആശമാർക്ക് സുരേഷ് ഗോപി ഉറപ്പ് നൽകിയിരുന്നു. വൈകിട്ട്, പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയിൽ എത്തിക്കുകയായിരുന്നു.
ആശാ വർക്കർമാർക്കു നല്ലതു സംഭവിച്ചേ മതിയാവൂ എന്നാണു തന്റെ പക്ഷമെന്നാണ് സുരേഷ് ഗോപി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിർമല സീതാരാമനും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോൾ, ‘അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്’ എന്നായിരുന്നു പ്രതികരണം.
‘‘സമരം നീട്ടിക്കൊണ്ടുപോകരുതെന്ന് തനിക്ക് എങ്ങനെ പറയാൻ സാധിക്കുമെന്നും നിങ്ങൾ സിക്കിമിനേയും, ആന്ധ്രയേയും കണ്ട് പഠിക്കൂ അങ്ങനെ കൂടുതൽ സംസ്ഥാനങ്ങളുടെ പേരു പറയും. ആരെയും കുറ്റം പറയില്ല. സർക്കാരിന് അതിന്റേതായ സമയം എടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, പറഞ്ഞ ഉടനെ ഒത്തുതീർപ്പാക്കാൻ. എവിടെനിന്ന് എടുത്തു കൊടുക്കും? അതൊക്കെ അവർക്കു നോക്കേണ്ടേ എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പ്രതിഷേധ പൊങ്കാല അല്ല ഇടുന്നതെന്നും സർക്കാരിന്റെ മനസ്സ് മാറാനുള്ള പ്രാർഥനയാണെന്നുമായിരുന്നു ആശ പ്രവർത്തകർ പറഞ്ഞിരുന്നു.
Content Highlights : ‘Good things must happen to ASHA workers’: Suresh Gopi gives Pongala kits to struggling ASHAs