
കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിനിനു മുന്നിൽ ചാടി അമ്മയും രണ്ടു പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ പുതിയ കണ്ടെത്തലുമായി അന്വേഷണ സംഘം. ഷൈനിയും കുട്ടികളും ജീവനൊടുക്കാൻ തീരുമാനിച്ച ദിവസം പുലർച്ചെ ഭർത്താവ് നോബി വാട്സാപ് സന്ദേശം അയച്ചിരുന്നുവെന്നും ഇതിൽ മനംനൊന്താണ് ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നിഗമനം. ഷൈനിക്ക് വാട്സാപ് സന്ദേശം അയച്ചുവെന്നു സമ്മതിക്കുന്ന നോബി എന്തു സന്ദേശമാണ് അയച്ചതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഈ കാര്യങ്ങൾ ചോദിച്ചറിയാനാണ് നോബിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. എന്നാൽ പലതവണ ചോദിച്ചിട്ടും ആ സന്ദേശം നോബി വെളിപ്പെടുത്തിയില്ല. കൂടാതെ അന്ന് വാട്സാപ്പിലൂടെ ഷൈനിയെ നോബി വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളും സമ്മതിക്കാൻ നോബി തയാറായില്ലെന്ന് അന്വേഷണ സംഘം പറയുന്നു നോബി കേസ്വേഷണത്തോട് സഹകരിക്കുന്നില്ല എന്നും അത്കൊണ്ട് ശാസ്ത്രീയ തെളിവുകൾ കൂട്ടിയിണക്കി കേസിന്റെ അന്വേഷണം തുടരാനാണ് പൊലീസിന്റെ തീരുമാനം.
ആത്മഹത്യ ചെയ്യാൻ ഷൈനി തീരുമാനിച്ച അന്ന് പുലർച്ചെ നോബിയെ വാട്സ് അപ്പിൽ ഫോണിൽ വിളിക്കുകയും ഷൈനിയോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ എന്താണ് ഷൈനിയോട് പറഞ്ഞത് എന്നതിൽ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. ഇത് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നു ദിവസത്തേക്കായിരുന്നു തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്നു വൈകുന്നേരം 4ന് നോബിയെ പൊലീസ് ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൻ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. ഇതേസമയം, അടുത്ത ദിവസം തന്നെ നോബി ജാമ്യാപേക്ഷ ഫയൽ ചെയ്യുമെന്നാണു വിവരം. വീണ്ടും ജാമ്യാപേക്ഷയെ പൊലീസ് എതിർക്കാനാണു സാധ്യത. കഴിഞ്ഞ ദിവസം നൽകിയ ജാമ്യാപേക്ഷ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി തള്ളിയിരുന്നു.
നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവർ കഴിഞ്ഞ 28ന് പുലർച്ചെയാണ് നിലമ്പൂർ എക്സ്പ്രസ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
Content Highlights :Is that message from Nobi the reason for Shiny's depression? Police to collect digital evidence