
തിരുവനന്തപുരം: ആശമാരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തണമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ആശാ സമരത്തിൽ രാഷ്ട്രീയം കാണുന്നില്ല. പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാനുള്ള ശ്രമം ഉണ്ടാകണം. മുഖ്യമന്ത്രിയോടുള്ള അപേക്ഷയാണ്. ആശമാർക്ക് വേണ്ടിയാണ് അപേക്ഷിക്കുന്നത്. കേന്ദ്ര പിന്തുണ ഉറപ്പുവരുത്താൻ തയ്യാറാണ്. സംസ്ഥാന സർക്കാറാണ് മുൻകൈയെടുക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആശാ സമരത്തിൽ ചിലർ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും എല്ലാം കേന്ദ്രമാണ് ചെയ്യേണ്ടതെന്നുമാണ് സർക്കാർ പറയുന്നത്, അങ്ങനെയെങ്കിൽ സംസ്ഥാനസർക്കാർ എന്തിനാണ്? സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വം ഇല്ലേ? ആശമാരുമായി ചർച്ച നടത്തേണ്ടത് സർക്കാരിന്റെ ധാർമിക ഉത്തരവാദിത്തമാണെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി പത്ത് മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്. ഇതിനിടയില്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ജനുവരി മാസത്തെ കുടിശ്ശികയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം പൂര്‍ത്തിയായി. എന്നാല്‍ ഓണറേറിയും വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നായിരുന്നു ആശ വർക്കർമാരുടെ പ്രഖ്യാപനം.
Content Highlights- Rajeev Chandrashekar on asha workers protest