
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചെറുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണയും പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തു. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് വി ഡി സതീശന്‍ അഭ്യര്‍ഥിച്ചു. മഹാത്മാഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പ്രതിപക്ഷ നേതാവും പങ്കെടുക്കും.
അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേഷ്, കൃഷ്ണ കുമാര്‍, ഹരി കുമാര്‍, സൂരജ്, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. തുഷാര്‍ ഗാന്ധിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് എതിരായുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തില്‍ നിയമനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് തുഷാര്‍ ഗാന്ധിയെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്‍സര്‍ പടര്‍ത്തുന്നതെന്നും തുഷാര്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ തുഷാര്‍ഗാന്ധി പ്രതിഷേധത്തിനെതിരെ ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.
Content Highlights: V D Satheesan called Tushar Gandhi for support