
തിരുവനന്തപുരം: ഏകപക്ഷീയമായി പാർലമെൻ്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ചെന്നൈയിൽ നടക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിലേക്കുള്ള തമിഴ്നാട് മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ പ്രതിനിധികളായി തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡോക്ടർ തമിഴച്ചി തങ്ക പാണ്ഡ്യൻ എംപി എന്നിവർ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്.
ജനാധിപത്യത്തിൻ്റെയും ഫെഡറലിസത്തിൻ്റെയും മൂല്യങ്ങൾ കാറ്റിൽ പറത്തി ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കേന്ദ്രം നടത്തുന്ന തിരക്കിട്ട നീക്കങ്ങൾക്കെതിരെ പ്രതിഷേധം എന്ന പേരിലാണ് മാർച്ച് 22ന് സമ്മേളനം നടക്കുക.
22ന് ചെന്നൈയിൽ നടക്കുന്ന സമ്മേളനത്തോടുള്ള ഐക്യദാർഢ്യം മുഖ്യമന്ത്രി പിണറായി വിജയൻ അവരെ നേരിട്ട് തന്നെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയ മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡോക്ടർ തമിഴച്ചി തങ്ക പാണ്ഡ്യൻ എംപി എന്നിവർ എം കെ സ്റ്റാലിന്റെ ആത്മകഥ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
Content Highlights: Chief Minister Pinarayi Vijayan directly expressed his solidarity with the conference to be held in Chennai on the 22nd