
തിരുവനന്തപുരം: കൊല്ലത്ത് ചേർന്ന സിപിഐഎം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരും. നേരത്തെ കൊല്ലത്ത് സമ്മേളനത്തിനിടെ സംസ്ഥാന സെക്രട്ടേറിയറ്റിനെയും സെക്രട്ടറിയേയും തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ എകെജി സെൻ്ററിൽ പുതിയ ആദ്യ സംസ്ഥാന കമ്മിറ്റി യോഗമാണ് ഇന്ന് ചേരുന്നത്. സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്.
ഏപ്രിൽ 2 മുതൽ 6 വരെ മധുരയിൽ നടക്കുന്ന സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിൻ്റെ കരട് ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. കരട് രാഷ്ട്രീയ പ്രമേയത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നിലപാട് ഈ ചർച്ചയിൽ ഉരുത്തിരിയും.
സംസ്ഥാന കമ്മിറ്റിയിൽ മന്ത്രി വീണാ ജോർജിനെ ക്ഷണിതാവാക്കിയതിനെതിരെ പരസ്യപ്രതികരണം നടത്തിയ പത്തനംതിട്ടയിൽ നിന്നുള്ള മുതിർന്ന നേതാവായ എം പത്മകുമാറിനെതിരെ നടപടി വേണമോയെന്നും സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കും. കഴിഞ്ഞ ദിവസം ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി എം പത്മകുമാർ വിഷയം സംസ്ഥാന കമ്മിറ്റിയ്ക്ക് വിട്ടിരുന്നു.
നേരത്തെ മേഴ്സിക്കുട്ടിയമ്മ, പി ജയരാജൻ, എം ബി രാജേഷ് തുടങ്ങിയവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതും ചർച്ചയായിരുന്നു. സെക്രട്ടേറിയറ്റ് പാനൽ അവതരിപ്പിച്ചപ്പോൾ തന്നെ പി ജയരാജനും മേഴ്സിക്കുട്ടിയമ്മയും വിയോജിപ്പ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: CPIM state committee today Discuss draft political resolution today