
കൊച്ചി: ലഹരിക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. എവിടെ നിന്നാണ് ലഹരി വരുന്നത് എന്ന് കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധപോരാട്ടത്തിന് കെഎസ്‌യു ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി പോളിടെക്‌നികിലെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കെഎസ്‌യു രാഷ്ടീയം കലര്‍ത്തുന്നില്ല. റെയ്ഡിലൂടെ ലഹരി പിടികൂടിയ സര്‍ക്കാരിന്റെ ആര്‍ജവത്തെ അഭിനന്ദിക്കുന്നു. കണ്ണില്‍ പൊടിയിടാനാകരുത് നടപടി. പരസ്പരം കരിവാരിതേക്കുന്ന സമീപനം അല്ല വേണ്ടത്. കെഎസ്‌യുക്കാര്‍ ഉണ്ടെങ്കില്‍ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യട്ടെ. ആരോപണ വിധേയരായവരുടെ കെഎസ്‌യു ബന്ധം പരിശോധിക്കും', അലോഷ്യസ് പ്രതികരിച്ചു.
അതേസമയം ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കും. ആദിത്യന്‍, ആകാശ്, അഭിരാജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളില്‍ ആദിത്യന്‍, അഭിരാജ് എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി നാല് അധ്യാപകരെ ഉള്‍പ്പെടുത്തി കോളേജ് പ്രത്യേക അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.
Content Highlights: KSU State president Aloshious Xavier responds on Polytechnic case