
കളമശ്ശേരി: കൊച്ചി കളമശ്ശേരി പോളിടെക്‌നിക്കില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രധാനപ്രതി ആകശ് റിമാന്‍ഡില്‍. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശിനെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്ക്കാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന ആളാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇന്ന് പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്‌നിക്കില്‍ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീളുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആകാശ്, കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവും അഭിരാജ്, ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്ന് ഒന്‍പത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. അഭിരാജിനേയും ആദിത്യനേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ പെരിയാര്‍ ഹോസ്റ്റലിലെ എഫ് 39 മുറിയാണ് അഭിരാജും ആദിത്യനും ഉപയോഗിച്ചിരുന്നത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇതിന് പുറമേ മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കഞ്ചാവ് വലിക്കാന്‍ നിര്‍മിച്ച ക്രമീകരണങ്ങളും പൊലീസ് കണ്ടെത്തി. ഇതിനോടൊപ്പം ഒരു ത്രാസും കണ്ടെത്തിയിരുന്നു. ക്യാമ്പസില്‍ ഹോളി ആഘോഷം നടക്കാനിരിക്കെയായിരുന്നു പരിശോധന നടന്നത്. സംഭവത്തില്‍ ആകാശിനേയും ആദിത്യനേയും അഭിരാജിനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കും. സംഭവത്തില്‍ കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചു. നാലംഗ അധ്യാപകര്‍ അടങ്ങുന്നതാണ് കമ്മീഷന്‍.
Content Highlights- Main accused of polytechnique cannabis case remanded