
തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സമിതി തിരഞ്ഞെടുപ്പില്‍ അഭിപ്രായ വ്യത്യാസം പരസ്യമായി പറഞ്ഞ എ പത്മകുമാറിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറയുന്നത് തെറ്റാണ്. അങ്ങനെ ആര് പറഞ്ഞാലും കൃത്യമായ സംഘടനാ നടപടി ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എ പത്മകുമാറിന്റെ വിമർശനം പാർട്ടി നിലവിൽ ചർച്ച ചെയ്തിട്ടില്ല. ഉടൻ പരിശോധന ഉണ്ടാകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഒരാൾ എത്രവവർഷം പ്രവർത്തിച്ചു എന്നതല്ല മാനദണ്ഡം. പഴയതും പുതിയതുമായ നേതാക്കൾ ചേർന്ന കൂട്ടായ നേതൃത്വം ആണ് പാർട്ടിയിൽ വേണ്ടത്. മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്. ബോധ്യപ്പെടാത്തവർക്ക് ബോധ്യപ്പെടുത്തും എന്നും എം വി ഗോവിന്ദൻ പറഞ്ഞു. പി ജയരാജനെ എന്ത് കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്തില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഇൌ ഉത്തരം. എം സ്വരാജ് പാർട്ടിയിൽ കൂടുതൽ ശ്രദ്ധിക്കണം എന്നും അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ സ്വരാജ് കൂടുതൽ പങ്കെടുക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയേയും സർക്കാരിനെയും ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ വീണ്ടും കേരളത്തിൽ എത്തിയെന്നും സഹകരണ മേഖലയെ തകർക്കാൻ ആണ് കേന്ദ്രത്തിന്റെ ശ്രമമെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. മൂലധന ശക്തികൾക്ക് പരവതാനി വിരിച്ചുകൊടുക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള സഹകരണ മേഖല കൈപ്പിടിയിൽ ഒതുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കരുവന്നൂർ ബാങ്ക് വിഷയത്തിൽ പാർട്ടി തെറ്റ് തിരുത്തി ആണ് പോകുന്നത്. എന്നാൽ ഇഡി ഇത് രാഷ്ട്രീയമായി കൈകാര്യം ചെയ്യുകയാണ്. കെ രാധാകൃഷ്ണനെ ഇഡി നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നു. നേരത്തെയുള്ള ഗൂഡലോചനകളുടെ തുടർച്ചയാണിതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. ഇത് നിയമപരമായും രാഷ്ട്രീയമായും നേരിടും എന്നും എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
അതേ സമയം മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഗാന്ധിയെ വധിച്ചവരുടെ മാനസികാവസ്ഥ കേരളത്തിൽ ചിലർക്കെങ്കിലും ഉണ്ട്. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് എന്താണെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
content highlights : 'It was wrong to say things that should have been said within the party publicly'; MV Govindan warns Padmakumar