വേതന വർധനവ് വേണമെന്ന് ആവശ്യം; സംസ്ഥാനത്ത് അങ്കണവാടി ജീവനക്കാരും സമരത്തിലേക്ക്

ആരോഗ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു

dot image

തിരുവനന്തപുരം: ആശാവ‍ർക്കർമാർക്ക് പുറമേ അങ്കണവാടി ജീവനക്കാരും സമരത്തിനൊരുങ്ങുന്നു. ഈ മാസം 17 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരമാരംഭിക്കും. വേതന വർധനയുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ്റെ നേതൃത്വത്തിലാണ് സമരം. വിഷയത്തിൽ ഇന്നലെ ആരോഗ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരം പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു മന്ത്രി വീണ ജോർജ് ചർച്ച നടത്തിയത്.

Also Read:

അതേസമയം, സർവീസിൽനിന്ന് വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് പണമിെല്ലന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു. വിരമിച്ച ഒരു അങ്കണവാടി ജീവനക്കാരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ, അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ഉദ്ധരിച്ച് ഇടുക്കി ജില്ലാ വനിത-ശിശു വികസന ഓഫീസറുടെ മറുപടിയിലാണ് ഫണ്ടില്ലെന്ന് വ്യക്തമാക്കുന്നത്. സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് മുൻഗണനാക്രമത്തിൽ ആനുകൂല്യം നൽകുമെന്നും ഇതിൽ പറയുന്നുണ്ട്.

2024 ഏപ്രിലിൽ വിരമിച്ച ജീവനക്കാർക്കാണ് ഇതുവരെ ആനുകൂല്യം കിട്ടാത്തത്. ഇവർക്ക് ഇതുവരെ പെൻഷനും കിട്ടിത്തുടങ്ങിയില്ല. വർക്കർക്ക് 2500 രൂപയും ഹെൽപ്പർക്ക് 1250 രൂപയുമാണ് പ്രതിമാസ പെൻഷൻ. ക്ഷേമനിധിയിലേക്ക് 500 രൂപയാണ് ഇവരിൽ നിന്നും പിടിച്ചിരുന്നത്. 20 ശതമാനം സർക്കാർ വിഹിതവും ആകെ തുകയുടെ എട്ടുശതമാനം പലിശയും ചേർത്ത് ഇവർക്ക് ലഭിക്കാനുണ്ട്. ഒപ്പം വിരമിക്കൽ ആനുകൂല്യമായി 15,000 രൂപ എസ്ഗ്രേഷ്യയും കിട്ടണം. ഇത് നൽകാനാണ് ഫണ്ടില്ലാത്തത്. 2024-ൽ 2600 പേർ അങ്കണവാടിയിൽനിന്ന് വിരമിച്ചു. സാധാരണനിലയിൽ പിറ്റേമാസം മുതൽ പെൻഷൻ ലഭിക്കേണ്ടതാണ്. പിഎഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ അങ്കണവാടി ജീവനക്കാർക്കില്ല. ആകെയുള്ളത് ക്ഷേമനിധിയും എസ്ഗ്രേഷ്യയും പെൻഷനും മാത്രമാണ്.

Content Highlights : Demand for wage hike; Anganwadi employees in the state also go on strike

dot image
To advertise here,contact us
dot image