
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയ്ക്ക് പരുക്ക് സംഭവിച്ചത് കുരുക്കിൽ വീണത് മൂലമാണെന്ന് എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാൽ. കടുവ നിലവിൽ തീർത്തും അവശനായെന്നും അദ്ദേഹം പറഞ്ഞു. വെറ്റിനറി ഡോക്ടർ നേരിട്ട് എത്തി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി രണ്ടു ദിവസത്തിനുള്ളിൽ കൂട്ടിൽ കയറി ഇല്ലെങ്കിൽ മയക്കു വെടി വെക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് കടുവയിറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പിന്നാലെ കടുവയെ കണ്ട വിവരം നാട്ടുകാർ വനംവകുപ്പിൽ അറിയിച്ചിരുന്നു, എന്നാൽ വനംവകുപ്പ് എത്തുന്നതിന് മുൻപ് കടുവ കാടുകയറി.
ഒരു വർഷത്തോളമായി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. പിന്നാലെ കൂട് സ്ഥാപിച്ചു കടുവയെ പിടികൂടണം എന്ന ആവശ്യം ഉയർന്നു. പരുന്തുംപാറ, വെടികുഴി തുടങ്ങിയ പ്രദേശങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഒരാഴ്ച മുൻപ് വള്ളക്കടവിലും നാട്ടുകാർ കടുവയെ കണ്ടിരുന്നു.
Content Highlights : Did the tiger get injured because it fell into a snare? Erumeli Range Officer K Harilal