
തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിങ്കളാഴ്ച ഡല്‍ഹിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ലോക്‌സഭാ സമ്മേളനം നടക്കുന്നതിനാലാണ് കെ രാധാകൃഷ്ണനോട് ഡല്‍ഹിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രാധാകൃഷ്ണന് ഇ ഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സമന്‍സ് അന്ന് രാധാകൃഷ്ണന്‍ കൈപ്പറ്റിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്.
കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇ ഡി പറയുന്നത്. ഈ തട്ടിപ്പ് കാലയളവില്‍ കെ രാധാകൃഷ്ണനായിരുന്നു സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ഇ ഡിയുടെ നിലപാട്. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇ ഡിയുടെ നീക്കം.
Content Highlights- K Radhakrishnan MP get summons again feom ed on karuvannur case