
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജില്‍ നിന്ന് കഞ്ചാവ് കടത്തിയ കേസിലെ പ്രധാനി കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി. കഞ്ചാവ് എത്തിച്ചത് ഇയാള്‍ക്ക് വേണ്ടിയെന്ന് ഇന്ന് അറസ്റ്റിലായ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിക്കും ഷാലിക്കും മൊഴി നല്‍കി.
അതേസമയം ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഈ വിദ്യാര്‍ത്ഥിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടത് ആഷിക്കും ഷാലിക്കുമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കേസില്‍ കഞ്ചാവ് വില്‍പ്പനക്കാരനായ ഇതര സംസ്ഥാനക്കാരനിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആലുവയിലുള്ള ഇയാളിൽ നിന്നുമാണ് ആഷിക്കും ഷാലിക്കും ലഹരി വാങ്ങിയത്.
പ്രിന്‍സിപ്പല്‍ പൊലീസിന് നല്‍കിയ കത്താണ് ഈ കേസില്‍ ഏറ്റവും നിര്‍ണായകമായത്. ക്യാംപസില്‍ ലഹരി ഇടപാട് നടക്കുമെന്ന സൂചന നല്‍കി കളമശ്ശേരി പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പല്‍ പൊലീസിന് കത്ത് നല്‍കിയിരുന്നു. മാര്‍ച്ച് 12നായിരുന്നു പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയത്. ലഹരിക്കായി ക്യാംപസില്‍ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നിര്‍ണായക നീക്കം നടത്തിയത്. പ്രിന്‍സിപ്പലിന്റെ കത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്.
Content Highlights: Kalamassery Poly technic case cannabis bought for third year student