കേരളം വെറുപ്പിനെ പ്രതിരോധിക്കുന്ന ഇടം, പ്രതിഷേധം നേരിട്ടത് ആശ്ചര്യപ്പെടുത്തി: തുഷാര്‍ ഗാന്ധി

ഈ രാജ്യത്തിന് ജന്മം നല്‍കിയവരുടെ സ്വപ്‌നത്തിലെ ഇന്ത്യ ഇതല്ലെന്നും തുഷാർ ഗാന്ധി

dot image

മലപ്പുറം: ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ കേരളത്തില്‍ നിന്നും പ്രതിഷേധം നേരിട്ടത് ആശ്ചര്യപ്പെടുത്തിയെന്ന് മഹാത്മാഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു പ്രതിഷേധം നേരിട്ടതെങ്കില്‍ സ്വാഭാവികമാണ്. കേരളത്തില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

കേരളം വെറുപ്പിനെതിരെ പ്രതിരോധം തീര്‍ക്കുന്ന ഇടമാണ്. ഈ രാജ്യം എല്ലാവരുടേതുമാണ്. രാജ്യം ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല. ഗോഡ്സെയെ ഒരു വട്ടമാണ് തൂക്കിലേറ്റത്. ആര്‍എസ്എസ് ചെയ്ത കാര്യങ്ങള്‍ക്ക് അവരെ പത്തു വട്ടം തൂക്കിലേറ്റണം. ഗാന്ധി ഉയര്‍ത്തിയ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് പോലെ വെറുപ്പിനെതിരെ പുതിയ മുന്നേറ്റം ഉയരണമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

ഈ രാജ്യത്തിന് ജന്മം നല്‍കിയവരുടെ സ്വപ്‌നത്തിലെ ഇന്ത്യ ഇതല്ല. അര്‍ബുദം ഒഴിവാക്കാന്‍ കീമോതെറാപ്പി ചെയ്യണം. വിദ്വേഷത്തിനെതിരെയുള്ള കീമോതെറാപ്പിയാണ് സ്‌നേഹം എന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഹോളിയുടെ പേരില്‍ അക്രമങ്ങള്‍ ഈ രാജ്യത്ത് നടക്കുന്നു.അത് ഒരിക്കലും ഗാന്ധിയുടെയോ അംബേദ്കറിന്റെയോ ഇന്ത്യയില്‍ നടക്കാന്‍ പാടുള്ള ഒന്നല്ല. താന്‍ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്. താന്‍ ഹിന്ദുവിനോ മറ്റൊരു മതത്തിനോ എതിരല്ല. ആര്‍എസ്എസ് രാജ്യത്തിന് അപകടമാണ്. ഈ രാജ്യം ഒരു ആശയത്തിന്റെയോ ഒരു മതത്തിന്റെയോ അല്ല. എല്ലാവര്‍ക്കും കൂടി ഉള്ളതാണ്. തന്റെ പിതാമഹനെ പോലെ വിപ്ലവം ഉണ്ടക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. പക്ഷെ താന്‍ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുമെന്നും തുഷാര്‍ഗാന്ധി പറഞ്ഞു.

ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ തുഷാര്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്‍സര്‍ പടര്‍ത്തുന്നതെന്നുമുള്ള പരാമര്‍ശത്തിലാണ് തുഷാര്‍ ഗാന്ധിയെ തടഞ്ഞത്.

Content Highlights: kerala is a space to resist Hate said Thushar Gandhi

dot image
To advertise here,contact us
dot image