
ആലപ്പുഴ: കെപിസിസി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ സൈബർ ആക്രമണം നേരിടുന്ന സിപിഐഎം നേതാവ് ജി സുധാകരനെ പിന്തുണച്ച് എച്ച് സലാം എംഎൽഎ. കെപിസിസി പരിപാടിയിൽ പങ്കെടുത്തത് മഹാപരാധമല്ലെന്നും സൈബർ ആക്രമണം ആര് നടത്തിയാലും തെറ്റാണെന്നും എച്ച് സലാം പറഞ്ഞു.
സിപിഐഎമ്മിന് സൈബർ ഇടങ്ങളിൽ പെരുമാറ്റ ചട്ടമുണ്ടെന്നും അതിന് വിരുദ്ധമായി ആരും പ്രവർത്തിക്കാൻ പാടില്ലെന്നും എച്ച് സലാം പറഞ്ഞു. സമൂഹത്തിന് ഗുണകരമാകുന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. സിപിഐഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. പൊതു വിഷയങ്ങളിലാണ് അങ്ങനെ ഉണ്ടാവുക. കെപിസിസി പരിപാടിയിൽ പങ്കെടുത്തതുകൊണ്ട് കമ്മ്യൂണിസ്റ്റ് അല്ലാതാകുന്നില്ല. ജി സുധാകരൻ ആശയ അടിത്തറ ഉള്ളയാളാണ്. അദ്ദേഹത്തിന് ഒരു തരത്തിലും രാഷ്ട്രീയ ചാഞ്ചാട്ടം ഉണ്ടാകില്ലെന്നും എച്ച് സലാം പറഞ്ഞു.
കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സൈബറിടത്ത് സുധാകരനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. കൂട്ട് കൂടുന്നത് സഹോദരനെ കൊലപ്പെടുത്തിയ പാര്‍ട്ടിക്കൊപ്പമാണെന്നാണ് ചിലർ വിമർശനം ഉന്നയിച്ചു. സുധാകരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസിൽ അകാല ചരമം പ്രാപിക്കുമെന്നും ചിലർ പറഞ്ഞു. സുധാകരനെ എംഎല്‍എയും മന്ത്രിയുമാക്കിയത് സിപിഐഎമ്മാണ്. പാർട്ടി വിരുദ്ധ സംഘത്തിന്റെ ഒപ്പം കൂടി സുധാകരൻ നല്ല പിള്ള ചമയുകയാണെന്നും വിമർശനം ഉയർന്നു.കഴിഞ്ഞ ദിവസം കെപിസിസി നടത്തിയ ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തില്‍ സുധാകരന്‍ പങ്കെടുത്തിരുന്നു. ഇതാണ് വിമർശനത്തിന് ഇടയാക്കിയത്.
Content Highlights- 'Participating in KPCC event is not a crime'; H Salam MLA supports G Sudhakaran