
ബെംഗളൂരു: സർക്കാരിൻ്റെ നിർമ്മാണ കരാറുകളിൽ സംവരണം മുസ്‌ലിം വിഭാഗത്തിന് മാത്രമല്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. സർക്കാരിൻ്റെ ടെൻഡറുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നാല് ശതമാനം സംവരണം മുസ്‌ലിം വിഭാഗത്തിന് മാത്രമല്ല എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ബാധകമാണെന്നാണ് ഡി കെ ശിവകുമാർ വ്യക്തമാക്കിയിരിക്കുന്നത്. കെടിപിപി നിയമത്തിൽ ഭേദഗതി വരുത്താൻ കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. കോൺഗ്രസ് പ്രീണന രാഷ്ട്രീയം പയറ്റുകയാണെന്നായിരുന്നു ഈ തീരുമാനത്തോടുള്ള ബിജെപി പ്രതികരണം. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡി കെ ശിവകുമാർ രംഗത്തെത്തിയിരിക്കുന്നത്.
'നാല് ശതമാനം സംവരണം മുസ്‌ലിം വിഭാഗത്തിന് മാത്രമാണെന്ന് ആരാണ് പറഞ്ഞത്. സംവരണം ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ക്രിസ്ത്യാനികൾ, ജൈനർ, പാഴ്സികൾ, സിഖുകാർ എന്നിവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കും' എന്നായിരുന്നു ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നിർമ്മാണ കരാറുകളിൽ സംവരണം നൽകാനുള്ള നിയമഭേദഗതി നടത്തിയതും ഡി കെ ശിവകുമാർ ചൂണ്ടിക്കാണിച്ചു.
2 കോടി രൂപയിൽ താഴെയുള്ള പദ്ധതികൾക്കാണ് സംവരണം ബാധകമാകുകയെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. വലിയ പദ്ധതികൾക്ക് സംവരണം ബാധകമാകില്ലെന്നും കർണാടക ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഞങ്ങൾ ആരുടെയും അവകാശം കവരുന്നില്ല. പക്ഷെ മറ്റുള്ളവരുടെയും ജീവിതസുരക്ഷ ഞങ്ങൾ ഉറപ്പു വരുത്തുന്നുവെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. കരാറുകാർക്ക് സംവരണം ഏർപ്പെടുത്തിയത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണെന്ന ബിജെപിയുടെ വിമർശനത്തോടും ഡി കെ ശിവകുമാർ പ്രതികരിച്ചു. 'അവർ നമ്മളെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു, അത് നമ്മളെ കൂടുതൽ ശക്തരാക്കുകയേ ഉള്ളു' എന്നായിരുന്നു ഡി കെ ശിവകുമാർ പ്രതികരിച്ചത്.
രണ്ട് കോടിയിൽ താഴെയുള്ള കരാറുകളിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നുളള കരാറുകാർക്ക് 4% സംവരണം നൽകാനായി നിയമം ഭേദഗതി ചെയ്തുവെന്നായിരുന്നു കഴിഞ്ഞ ദിവസം പിടിഐ റിപ്പോർട്ട് ചെയ്തിരുന്നത്. നേരത്തെ പട്ടിക ജാതി-പട്ടിക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയിരുന്നു. ന്യൂനപക്ഷ-പിന്നാക്ക-ദളിത് വിഭാഗങ്ങൾക്ക് കരാർ ലഭിക്കുന്നതിൽ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മുസ്‌ലിം വിഭാഗം സിദ്ധരാമയ്യ സർക്കാരിന് നേരത്തെ നിവേദനം നൽകിയിരുന്നു. നിയമസഭയിലും ഭേദഗതി ബിൽ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. നിയമസഭയിലും ഉപരിസഭയായ കൗൺസിലിലും ഭേദഗതി പാസായാലേ തീരുമാനം നടപ്പിലാക്കാനാവൂ.
Content Highlights: DK Shivakumar clarifies says Four Percent quota is for all minorities not just Muslims