പോളിടെക്‌നിക്കില്‍ നിന്ന് കഞ്ചാവുമായി പിടിയിലായത് കെഎസ്‌യു നേതാവ്; കോണ്‍ഗ്രസ് സംരക്ഷിക്കുന്നു: വി വസീഫ്

കെപിസിസിക്ക് പ്രവര്‍ത്തിക്കാനുള്ള പണത്തിനുവേണ്ടി എഐസിസി കൊടുത്തുവിടുന്ന ലഹരിയാണോ കേരളത്തിലെ കെഎസ് യു-യൂത്ത് കോണ്‍ഗ്രസുകാര്‍ വിതരണം ചെയ്യുന്നതെന്ന് ചോദിക്കില്ലെന്നും വസീഫ്

dot image

കോഴിക്കോട്: കളമശ്ശേരി പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതില്‍ എസ്എഫ്‌ഐയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ആരോപണങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ്. കെപിസിസിക്ക് പ്രവര്‍ത്തിക്കാനുള്ള പണത്തിനുവേണ്ടി എഐസിസി കൊടുത്തുവിടുന്ന ലഹരിയാണോ കേരളത്തിലെ കെഎസ്യു -യൂത്ത് കോണ്‍ഗ്രസുകാര്‍ വിതരണം ചെയ്യുന്നതെന്ന് ചോദിക്കില്ലെന്നും ലഹരിക്കെതിരെ നാട് ആഗ്രഹിക്കുന്ന ഒന്നിച്ചുള്ള പോരാട്ടമാണ് യുവജനങ്ങള്‍ നടത്തേണ്ടതെന്നും വസീഫ് ഫേസ്ബുക്കില്‍ കുറിച്ചു.

കളമശേരി പോളിടെക്‌നിക്കില്‍ നിന്നും വിതരണത്തിനായി എത്തിച്ച കഞ്ചാവുമായി പിടിയിലായത് കെഎസ്‌യു നേതാവാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയായ വസീഫ് ചൂണ്ടിക്കാട്ടി.

'ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന തുഷാര്‍ ഗോയലില്‍ നിന്നും 5,600 കോടി രൂപയുടെ ലഹരി പിടിച്ചത് ആരും മറന്നിട്ടില്ല. തുഷാര്‍ ഗോയല്‍ കെ സി വേണുഗോപാലിനെ ഇരട്ട സഹോദരനെപോലെ ചേര്‍ത്ത് പിടിക്കുന്ന ഫോട്ടോ മാധ്യമങ്ങളില്‍ വൈറലാണ്. അരുവിക്കരയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷൈജു മാലിക്കില്‍ നിന്നും മൊത്ത വിതരണത്തിനെത്തിച്ച 40 കിലോ കഞ്ചാവ് പിടിച്ചത് ഈയടുത്താണ്. പത്തനംതിട്ടയില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് നേതാവായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നഹാസിന്റെ വീട്ടില്‍ നിന്നും രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചതും ആരും മറന്നിട്ടില്ല. തൃശ്ശൂരിലെ കെഎസ്‌യു ജില്ലാ ഭാരവാഹിയായ ഗോകുല്‍ ഗുരുവായൂരിന്റെ സഹവാസം ഗുണ്ടാ നേതാവായ മരട് അനീഷിന്റെ കൂടെയാണെന്ന് ചിത്രങ്ങള്‍ സഹിതം ഇന്നലെ പുറത്ത് വന്നു', തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചാണ് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

`കെപിസിസിക്ക് പ്രവർത്തിക്കാനുള്ള

പണത്തിനുവേണ്ടി എഐസിസി കൊടുത്തുവിടുന്ന ലഹരിയാണോ കേരളത്തിലെ കെഎസ്‌യു -യൂത്ത് കോൺഗ്രസുകാർ വിതരണം ചെയ്യുന്നതെന്ന് ഞങ്ങൾ ചോദിക്കില്ല...`

------------------------

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പ്രവർത്തന ഫണ്ടിന് വേണ്ടി എ.ഐ.സി.സി കൊടുത്തുവിടുന്ന ലഹരിയാണോ കേരളത്തിലെ കെഎസ്‌യു യൂത്ത് കോൺഗ്രസുകാർ വിതരണം ചെയ്യുന്നതെന്ന് ഞങ്ങൾ ചോദിക്കില്ല, കാരണം ലഹരിക്കെതിരെയുള്ള പോരാട്ടത്തെ അത്തരം ചോദ്യങ്ങള്‍ ദുർബലപ്പെടുത്തുമെന്നുള്ളത് കൊണ്ടാണ്.

ഡൽഹിയിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന തുഷാർ ഗോയലിൽ നിന്നും 5600 കോടി രൂപയുടെ ലഹരി പിടിച്ചത് ആരും മറന്നിട്ടില്ല. തുഷാർ ഗോയൽ കെ. സി. വേണുഗോപാലിനെ ഇരട്ട സഹോദരനെപോലെ ചേർത്ത് പിടിക്കുന്ന ഫോട്ടോ മാധ്യമങ്ങളിൽ വൈറലാണ്.

അരുവിക്കരയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷൈജു മാലിക്കിൽ നിന്നും മൊത്ത വിതരണത്തിനെത്തിച്ച 40 കിലോ കഞ്ചാവ് പിടിച്ചത് ഈയടുത്താണ്. പത്തനംതിട്ടയിൽ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് നേതാവായ യൂത്ത് കോൺഗ്രസ് നേതാവ് നഹാസിന്റെ വീട്ടിൽ നിന്നും രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചതും ആരും മറന്നിട്ടില്ല.ഇതേ പത്തനം തിട്ടയില്‍ ഒരു വര്‍ഷത്തിനിടെ രണ്ട് തവണയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് നസീബിനെ കഞ്ചാവുമായി പിടിച്ചത്. തൃശ്ശൂരിലെ കെ.എസ്.യു ജില്ലാ ഭാരവാഹിയായ ഗോകുൽ ഗുരുവായൂരിന്റെ സഹവാസം ഗുണ്ടാ നേതാവായ മരട് അനീഷിന്റെ കൂടെയാണെന്ന് ചിത്രങ്ങൾ സഹിതം ഇന്നലെ പുറത്ത് വന്നു.

ഇത്തരത്തില്‍ എണ്ണിയാല്‍ തീരാത്ത ലഹരിക്കേസുകളില്‍ പ്രതികളും ഗുണ്ടാ മാഫിയകളുടെ തോഴരുമായ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു നേതാക്കൾ ക്കെതിരെ ഒരക്ഷരം മിണ്ടാത്തവരാണ് സതീശനും-ചെന്നിത്തലയും. ഇപ്പോഴിതാ കളമശ്ശേരി പോളിടെക്നിക്കിൽ വിതരണത്തിനായി എത്തിച്ച 2 കിലോ കഞ്ചാവുമായി കെഎസ്‌യു നേതാവാണ് പിടിയിലായത്.അവരെ സംരക്ഷിക്കാനും ഇതേ കോൺഗ്രസ് നേതൃത്വം മുന്നിൽ തന്നെയുണ്ട്.

വിദ്യാർത്ഥി യുവജനങ്ങളുടെ ആരോഗ്യവും ജീവിതവും തകർക്കുന്ന ലഹരി മാഫിയകൾക്കെതിരെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റി വെച്ചുള്ള പോരാട്ടം, നാട് ആഗ്രഹിക്കുമ്പോള്‍,സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന്റ ഭാഗമായി

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട്,ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടം എക്കാലവും നടത്തുന്ന ഡിവൈഎഫ്ഐ യെയും എസ്എഫ്ഐയെയും ആക്ഷേപിക്കുന്ന ചില കോൺഗ്രസ്‌ നേതാക്കളുടെ നിലപാട് അപഹാസ്യകരമാണ് .

ലഹരിക്കെതിരെ നാടാഗ്രഹിക്കുന്ന ഒന്നിച്ചുള്ള പോരാട്ടമാണ് യുവജനങ്ങള്‍ നടത്തേണ്ടത്.അതിന് ഡിവൈഎഫ്ഐ മുന്നില്‍ തന്നെയുണ്ടാകും.

Content Highlights: DYFI Leader V Vaseef against Congress leadership over Kalamassery Poly Technic drug hunt

dot image
To advertise here,contact us
dot image