
തിരുവനന്തപുരം: വിയ്യൂര്‍ സബ് ജയിലില്‍ ലഹരി ഉപയോഗം തകൃതിയായി നടക്കുന്നുവെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുന്‍ തടവുകാരന്‍. മത്സ്യത്തിലൂടെയും മട്ടനിലൂടെയും ബന്ധുക്കള്‍ നല്‍കുന്ന വസ്ത്രങ്ങളിലൂടെയുമാണ് ലഹരി ജയിലിലേക്ക് എത്തുന്നതെന്നും ഉദ്യോഗസ്ഥരുടെ അറിവോടെയാണിതെന്നും മുന്‍ തടവുകാരന്‍ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി. ലഹരി കിട്ടാതെ വരുമ്പോള്‍ മനോരോഗികളാണെന്ന് വരുത്തി പ്രതികള്‍ ഉറക്കഗുളികകള്‍ അധികമായി കഴിക്കുന്നത് പതിവാണെന്നും മുന്‍ തടവുകാരന്‍ പറയുന്നു.
'വളരെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ജയിലില്‍ കണ്ടത്. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്ന് ജയിലില്‍ എല്ലാ സെല്ലിലും സുലഭമാണ്. ഞാന്‍ ആദ്യമായി കഞ്ചാവ് കാണുന്നത് ജയിലില്‍ വെച്ചാണ്. ജയിലിലെ ലഹരി ഉപയോഗത്തെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് ഉദ്യോഗസ്ഥരാണ്. മൂന്ന് ദിവസം ജയിലിലേയ്ക്ക് മത്സ്യം വരുന്നുണ്ട്. മത്സ്യം ശേഖരിക്കാന്‍ വിടുന്നത് തടവുപുള്ളികളെയാണ്. ഇതിനിടയില്‍ ലഹരി കിട്ടുന്നുണ്ട്. മത്സ്യം കൊണ്ടുവരുന്നവുമായി ഉണ്ടാക്കിയ ടൈഅപ്പ് ആണിത്. ജയിലിനകത്ത് എല്ലാമൊരു ബിസിനസ്സ് ആണ്. മാരക മയക്കുമരുന്നുകള്‍ ജയിലില്‍ ലഭ്യമാണ്. വലിക്കാത്തവരെ പോലും വലിപ്പിക്കുന്ന പ്രവണതയാണ് പലര്‍ക്കുമുള്ളത്', മുന്‍ തടവുകാരന്‍ പറയുന്നു.
കോടതിയില്‍ ഹാജരാക്കുന്ന ദിവസം തടവുകാര്‍ ഫോണ്‍ വഴിയും ലഹരി സംഘടിപ്പിക്കും. മട്ടനിലൊക്കെ കഞ്ചാവ് എത്തും. സന്ദര്‍ശകരും വസ്ത്രത്തില്‍ രഹസ്യ അറകളുണ്ടാക്കി കഞ്ചാവ് എത്തിക്കുന്നുണ്ട്. പല പൊലീസുകാര്‍ക്കും മേസ്തിരിമാരുണ്ട്. ക്യാമറകളില്ല. ജയിലിലെ ചുമരുകള്‍ക്കുള്ളിലാണ് ലഹരി മരുന്നുകള്‍ ഒളിപ്പിക്കുന്നതെന്നും മുന്‍ തടവുകാരന്‍ പറയുന്നു.
Content Highlights: Former prisoner reveals widespread drug use in Viyyur sub-jail