
ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എം പി നാളെ ഇ ഡി ക്ക് മുമ്പിൽ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി ഇന്നലെ വീണ്ടും കെ രാധാകൃഷ്ണന് സമൻസ് നൽകിയിരുന്നു. നാളെ വൈകിട്ട് ഇ ഡി യുടെ ഡൽഹി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമൻസിലെ നിർദ്ദേശം.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിരുന്നെങ്കിലും കെ രാധാകൃഷ്ണൻ എത്തിയിരുന്നില്ല.പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ ഇപ്പോൾ ഹാജരാകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്ക് കത്തുനൽകിയിരുന്നു. ഇഡി അന്വേഷണത്തിൽ ഭയമില്ലെന്നും കെ രാധാകൃഷ്ണൻ നേരത്തെ പ്രതികരിച്ചിരുന്നു. സമൻസിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണെന്നായിരുന്നു കെ രാധാകൃഷ്ണൻ്റെ വിമർശനം. മൊഴിയെടുക്കാൻ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ ഏത് കേസെന്നില്ല. വ്യക്തിപരമായ സ്വത്തിന്റെ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനത്തിന് ശേഷം ഹാജരാകാമെന്ന് രേഖാമൂലം അറിയിച്ചതായും കെ രാധാകൃഷ്ണൻ എംപി പറഞ്ഞിരുന്നു.
കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇ ഡി പറയുന്നത്. ഈ തട്ടിപ്പ് കാലയളവിൽ കെ രാധാകൃഷ്ണനായിരുന്നു സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്നാണ് ഇ ഡിയുടെ നിലപാട്. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഇ ഡിയുടെ നീക്കം. കേസിൽ മുൻ മന്ത്രി എ സി മൊയ്തീൻ, സി പിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് തുടങ്ങിയവരെ ഇ ഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. സിപിഐഎം മുൻ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് കെ രാധാകൃഷ്ണനെയും ചോദ്യം ചെയ്യുന്നത്. കേസിൽ ഇ ഡി ഒന്നാംഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. 53 പ്രതികളെയാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Content Highlights: Karuvannur bank fraud case MP K Radhakrishnan may appear before ED tomorrow