
കൊച്ചി: മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാവിന് മര്‍ദ്ദനം. മലപ്പുറം ജില്ലാ സെക്രട്ടറിയും മഹാരാജാസ് കോളേജ് മുന്‍ യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് നിയാസിനാണ് മര്‍ദനമേറ്റത്. എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാലിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് പരാതി. യൂണിറ്റ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ നിയാസ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കി.
മഹാരാജാസ് മുന്‍ യൂണിറ്റ് സെക്രട്ടറിയായ തന്നെ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ക്ഷണിച്ചിരുന്നുവെന്നും കോളേജിലെത്തിയപ്പോള്‍ ഫ്രറ്റേണിറ്റിയുമായി ബന്ധമുള്ള വിദ്യാര്‍ത്ഥിയെ പുതിയ യൂണിറ്റ് പ്രസിഡന്റായി നിയമിക്കാന്‍ ജില്ലാ പ്രസിഡന്റും എറണാകുളം അസംബ്ലി പ്രസിഡന്റും നിര്‍ബന്ധിക്കുന്ന വിവരം അറിഞ്ഞെന്നും പരാതിയില്‍ പറയുന്നു.
'എന്നാല്‍ ഇത് എതിര്‍ത്ത വിദ്യാര്‍ത്ഥികള്‍ പരിചയസമ്പത്തുള്ള മുതിര്‍ന്ന യൂണിറ്റ് അംഗത്തെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചു. ഞാനും ആ തീരുമാനത്തിന്റെ കൂടെ നിന്നു. പിന്നാലെ യൂണിറ്റ് പ്രഖ്യാപനത്തിന് ശേഷം ജില്ലാ പ്രസിഡന്റ് കെ എം കൃഷ്ണലാല്‍, ജില്ലാ വൈസ് പ്രസിഡന്റ് അമര്‍ മിഷാല്‍ പല്ലച്ചി, കെവിന്‍ കെ പൗലോസ്, ജില്ലാ ജനറല്‍ സെക്രട്ടറി ചുമതലയുള്ള സഫ്‌വാന്‍, ജില്ലാ ജനറല്‍ സെക്രട്ടറിയും എറണാകുളം അസംബ്ലി കമ്മിറ്റി പ്രസിഡന്റുമായ അമല്‍ ടോമി എന്നിവര്‍ യൂണിറ്റ് സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി', പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് സമ്മേളനത്തിന് ശേഷം ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് തന്നെ കാറില്‍ വിളിച്ചു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് നിയാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റും സംഘവും മദ്യപിച്ചിരുന്നുവെന്നും നേരത്തെ ഇതിലും മോശമായ സ്ഥിതിയില്‍ ഇവരെ കണ്ടിട്ടുള്ളതിനാൽ തന്നെ അതിശയം തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'കാറില്‍ നിന്നിറങ്ങി ജില്ലാ പ്രസിഡന്റ് എന്നോട് സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ അവസ്ഥയില്‍ എനിക്ക് അവരോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും നോമ്പുള്ളതിനാല്‍ ക്ഷീണിതനും നോമ്പ് മുറിക്കാന്‍ പള്ളിയില്‍ പോകണമെന്നും ഞാന്‍ അവരോട് പറഞ്ഞു. ഉടന്‍ കെവിന്‍, സഫ്‌വാന്‍, അമര്‍ മിഷാല്‍ എന്നിവര്‍ പിന്നില്‍ നിന്നും എന്നെ മര്‍ദിച്ചു. എന്റെ തലയ്ക്ക് പിന്നില്‍ നിരവധി തവണ ഇടിച്ചു. അമല്‍ ടോണി എന്നെ ചീത്ത വിളിക്കുകയും മര്‍ദിക്കാന്‍ കൂടെ ചേരുകയും ചെയ്തു. പുതിയ യൂണിറ്റിനെ പിന്തുണച്ചതിന് ഈ നാല് പേരും എന്നോട് ദേഷ്യപ്പെട്ടു. മിനുറ്റുകളോളം ഇവര്‍ എല്ലാവരും എന്നെ മര്‍ദിക്കുകയും ക്ഷീണിതനായ ഞാന്‍ റോഡിലേക്ക് വീഴുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് മുഖത്ത് തുപ്പുകയും എറണാകുളത്തെ കാര്യത്തില്‍ ഇടപെട്ടാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു', നിയാസ് പരാതിയില്‍ പറയുന്നു.
താന്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നുവെന്നും കടുത്ത നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പരാതിയില്‍ പറഞ്ഞു. സംഘടന നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും വിഷയം പൊതുമധ്യത്തിലെത്തിക്കുമെന്നും പരാതിയില്‍ പറയുന്നു. ഈ സമയത്ത് ഇത്തരമൊരു നടപടി സ്വീകരിക്കാത്തത് പാര്‍ട്ടിയെ സംരക്ഷിക്കാനാണെന്നും നിയാസ് കൂട്ടിച്ചേര്‍ത്ത്. കെപിസിസി പ്രസിഡന്റിനും, കെഎസ്‌യു പ്രസിഡന്റിനും പുറമേ കെപിസിസി ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി, കെഎസ്‌യുവിന്റെ ചുമതലയുള്ള കെപിപിസിസി ഭാരവാഹി, കെഎസ്‌യുവിന്റെ ചുമതലയുള്ള എന്‍എസ്‌യുഐ ഭാരവാഹി, എറണാകുളം ഡിസിസി പ്രസിഡന്റ് തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: KSU Ernakulam leader beat Malappuram district Seceratary