
മലപ്പുറം: മലപ്പുറത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം. കുറ്റിപ്പുറത്തെ സ്വകാര്യഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തെ റിപ്പോര്‍ട്ടര്‍ കണ്ടെത്തി. ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ കേരളത്തിലെത്തിച്ചാണ് നഗരമധ്യത്തില്‍ സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ കുറ്റിപ്പുറം, എടപ്പാള്‍, വളാഞ്ചേരി കേന്ദ്രീകരിച്ചാണ് സംഘത്തിൻ്റെ പ്രവര്‍ത്തനം. ബംഗാള്‍ സ്വദേശി സൊയിദ്ദുള്‍ എന്നയാളാണ് പ്രധാനപ്പെട്ട ഇടനിലക്കാരന്‍ എന്നാണ് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ ലഭിച്ച വിവരം. തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ സൊയിദ്ദുള്ളുമായി നടത്തി സംഭാഷണം ഇങ്ങനെ:
ഇടനിലക്കാരന്‍: എല്ലാം സൂപ്പര്‍ പെണ്‍കുട്ടികളാണ്. എല്ലാവരുടേയും ഫോട്ടോ വാട്‌സ്ആപ്പില്‍ അയക്കാം. ഫോട്ടോ നോക്കി സെലക്ട് ചെയ്യാം. കുറച്ചുപേര്‍ കോഴിക്കോട് ആണ്. എന്റെ ഫ്രണ്ടിന്റെ മുറിയുണ്ട്. പ്രശ്‌നം ഒന്നുംവരില്ല. നിങ്ങള്‍ എന്നാണ് വരുന്നത്?
വളാഞ്ചേരി മൂച്ചിക്കല്‍ കേന്ദ്രീകരിച്ചും ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് വിവരം. 15 മിനിറ്റിന് 1500 രൂപയെന്നാണ് ഇടനിലക്കാരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. കൂലിപ്പണിക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൊയിദ്ദുള്‍ കേരളത്തിലേക്ക് എത്തിയത്. പിന്നീട് കേരളത്തിലേക്ക് സ്ത്രീകളെ എത്തിച്ച് പെണ്‍വാണിഭ കേന്ദ്രങ്ങള്‍ ആരംഭിക്കുകയായിരുന്നു.
കുറ്റിപ്പുറത്തേ ഹോട്ടല്‍ കേന്ദ്രീകരിച്ച് റിപ്പോർട്ടർ ടിവി നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വരെ എത്തിക്കുന്നുവെന്നാണ് ഇടനിലക്കാരൻറെ വെളിപ്പെടുത്തല്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് അവിടെ കണ്ടത്. ആവശ്യാനുസരണം കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും പെണ്‍കുട്ടികളെ എത്തിക്കാമെന്ന് ഇടനിലക്കാരൻ റിപ്പോർട്ടറിനോട് പറഞ്ഞു.
Content Highlights: Sex trafficking gangs led by migrant workers in Malappuram reporter Exclusive