
തൃശൂര്‍: ചാലക്കുടി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഡിജിപിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഷീലാ സണ്ണിയില്‍ നിന്നും പൊലീസ് മൊഴിയെടുക്കുന്നു. കൊടുങ്ങല്ലൂര്‍ എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് മൊഴിയെടുക്കുന്നത്.
ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്താണ് വ്യാജ ലഹരി കേസിലെ പ്രതി. എറണാകുളം സ്വദേശിയായ പ്രതി നാരായണദാസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു.
2023 മാര്‍ച്ച് 27നാണ് ഷീലാ സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും വ്യാജ ലഹരി വസ്തുക്കള്‍ പിടികൂടുന്നത്. 72 ദിവസം ഷീലാ സണ്ണി ജയിലില്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട് നടത്തിയ രാസ പരിശോധനയിലാണ് ഇവ വ്യാജ ലഹരിയാണെന്ന് വ്യക്തമായത്. ഇതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി.
നാരായണദാസാണ് ഷീലയുടെ വാഹനത്തില്‍ ലഹരിയുള്ള കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ വാഹനത്തില്‍ ലഹരി വെച്ചത് നാരായണദാസ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി ബെംഗളൂരുവിലെ വിദ്യാര്‍ത്ഥിനി ലിവിയ ജോസിന്റെ സുഹൃത്തായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗില്‍ വെച്ച ശേഷം നാരായണ ദാസ് എക്‌സൈസിനെ അറിയിച്ചത്.
Content Highlights: Special team start investigation in Sheela Sunny case