ടി ആര്‍ രഘുനാഥന്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

എ വി റസലിന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്

dot image

കോട്ടയം; ടി ആര്‍ രഘുനാഥന്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറിയായ രഘുനാഥനെ സിപിഐഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എ വി റസലിന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

റസലിന്റെ മരണത്തെ തുടര്‍ന്ന് സിപിഐഎം കോട്ടയം ഘടകത്തെ ആര് നയിക്കും എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ടി ആര്‍ രഘുനാഥന് തന്നെയായിരുന്നു പ്രഥമ പരിഗണ. രഘുനാഥന് പുറമേ മുതിര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഹരികുമാര്‍, സിഐടിയു നേതാവ് കെ എം രാധാകൃഷ്ണന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനില്‍കുമാര്‍ എന്നിവരേയും പരിഗണിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ടി ആര്‍ രഘുനാഥനെ പിന്തുണയ്ക്കുകയായിരുന്നു.

എസ്എഫ്‌ഐയിലൂടെ തുടങ്ങിയ സമര സംഘടന പ്രവര്‍ത്തനമാണ് രഘുനാഥനെ ഒടുവില്‍ ജില്ലാ സെക്രട്ടറിയുടെ പദവിയില്‍ എത്തിച്ചിരിക്കുന്നത്. കോട്ടയം ബസേലിയസ് കോളേജ് യൂണിറ്റ് സെക്രട്ടറി പദവിയായിരുന്നു ആദ്യം. പിന്നീട് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി യുവജന സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. ഡിവൈഎഫ്‌ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്, അയര്‍ക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവര്‍ത്തിച്ചു. പിന്നീട് സിപിഐഎം അയര്‍ക്കുന്നം ഏരിയ സെക്രട്ടറിയായി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു. ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. നിലവില്‍ സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ വര്‍ക്കിങ് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights- T R Raghunath become next secretary in kottayam cpim

dot image
To advertise here,contact us
dot image