
കൊച്ചി: കളമശ്ശേരി പോളി ടെക്നിക് കോളേജിൻ്റെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും. കഞ്ചാവ് എത്തിച്ച ഇതര സംസ്ഥാനക്കാരനെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നാം വർഷ വിദ്യാർത്ഥി അനുരാജിന് കഞ്ചാവ് എത്തിച്ചത് ഇയാളാണ് എന്നാണ് വിവരം.
അനുരാജ് നാല് കിലോ കഞ്ചാവ് വാങ്ങിയിരുന്നു എന്നും ഇതിൽ രണ്ട് കിലോ പോളി ടെക്നിക് ഹോസ്റ്റലിൽ എത്തിച്ചു എന്നുമാണ് ലഭിച്ച മൊഴി. അനുരാജ് മറ്റാർക്കൊക്കെ കഞ്ചാവ് നൽകിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അനുരാജും പൂർവ്വ വിദ്യാർഥികളായ ആഷികും ഷാലിക്കും അടങ്ങുന്ന സംഘമാണ് ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് എന്നാണ് സൂചന. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് അന്വേഷിക്കുകയാണ്. അനുരാജിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കളമശ്ശേരി പോളിടെക്‌നിക്കിൽ നടത്തിയ പരിശോധനയിൽ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലർച്ചെ വരെ നീളുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ കെഎസ്‌യു പ്രവർത്തകനായ ആദിത്യൻ, എസ്എഫ്ഐ പ്രവർത്തകനായ അഭിരാജ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കെഎസ്‌യു പ്രവർത്തകനായ ആകാശിനെ റിമാൻഡ് ചെയ്തിരുന്നു. ഇതിൽ ആകാശിന്റെ മുറിയിൽ നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്. ആകാശ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയിരുന്നതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ ഇവർക്ക് കഞ്ചാവ് നൽകിയ ആഷിക്ക്, ഷാലിക്ക് എന്നീ പൂർവ്വ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഷാലിക്ക് ക്യാംപസിലെ കെഎസ്‌യു നേതാവായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിലെ മുഖ്യപ്രതിളിലൊരാളായ അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അനുരാജിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇരുവരും മൊഴി നൽകിയിരുന്നു.
നേരത്തെ പോളിടെക്നിക്കിലെ പ്രിൻസിപ്പൽ പൊലീസിന് നൽകിയ കത്താണ് ഈ കേസിൽ ഏറ്റവും നിർണായകമായത്. ക്യാംപസിൽ ലഹരി ഇടപാട് നടക്കുമെന്ന സൂചന നൽകി കളമശ്ശേരി പോളിടെക്‌നിക്കിലെ പ്രിൻസിപ്പൽ പൊലീസിന് കത്ത് നൽകിയിരുന്നു. മാർച്ച് 12നായിരുന്നു പ്രിൻസിപ്പൽ കത്ത് നൽകിയത്. ലഹരിക്കായി ക്യാംപസിൽ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിൻസിപ്പൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നിർണായക നീക്കം നടത്തിയത്. പ്രിൻസിപ്പലിന്റെ കത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്.