
തൃശൂർ: തൃശൂർ തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ വീണത് പുഴയിലേക്ക്. ഇന്ന് രാത്രി ഏഴരയോടെ ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി - തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ച് പേർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ മന്താരത്തൊടി വീട്ടിൽ ബാലകൃഷ്ണൻ (57), വിശാലാക്ഷി, രുഗ്മിണി, സദാനന്ദൻ, കൃഷ്ണപ്രസാദ് എന്നിവരാണ് രക്ഷപ്പെട്ടത്. കുത്താമ്പുള്ളിയിൽ നിന്നും കൈത്തറി തുണികളും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
തിരുവില്വാമല ഭാഗത്തുനിന്ന് പുഴയിലെ തടയണയിലേക്കിറങ്ങിയ ഉടൻ ദിശതെറ്റി പുഴയിലകപ്പെടുകയായിരുന്നു. ഒപ്പം മറ്റൊരു കാറിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കാർ വീണ ഭാഗത്ത് പുഴയിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഒഴുക്കീല്ലാത്തപ്പോള്‍ തടയണക്ക് മുകളിലൂടെ കൊണ്ടാഴിയില്‍ നിന്ന് കുത്താമ്പുള്ളിയിലേക്ക് കടക്കാന്‍ പറ്റും. പരിസരവാസികള്‍
ഈ വഴി പതിവായി ഉപയോഗിക്കാറും ഉണ്ട്. എന്നാല്‍ പരിചയമില്ലാത്തവര്‍ ഈ വഴിയിലൂടെ വാഹനമായെത്തുമ്പോള്‍ പുഴയിലേക്ക് വീഴാന്‍ സാധ്യതയുണ്ട്.രണ്ട് വര്‍ഷം മുമ്പും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചെത്തിയ ഒരു വാഹനം പുഴയിലേക്ക് വീണിരുന്നു.
content highlights : Google Map gives wrong direction :car got into the river thinking it was a road; miraculous rescue