
കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വഖഫ് സ്വത്തുക്കൾ ഉൾപ്പെടുന്ന ഭൂമിയിൽ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷൻ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി. കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിൽ രാവിലെ പത്തേകാലിന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധി പ്രസ്താവിക്കും.
ജുഡീഷ്യൽ കമ്മീഷന് നിയമ സാധുതയുണ്ടെന്ന് സിംഗിൾ ബെഞ്ച് കണ്ടെത്തിയാൽ മുനമ്പം ഭൂമി വിഷയത്തിലെ വസ്തുതാ അന്വേഷണവുമായി സർക്കാരിന് മുന്നോട്ട് പോകാം. കമ്മീഷൻ നിയമനം റദ്ദാക്കിയാൽ ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് വിധി തിരിച്ചടിയാകും. കമ്മീഷന് നിയമ സാധുതയില്ലെന്ന് സിംഗിൾ ബെഞ്ച് തീരുമാനമെടുത്താൽ ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ നൽകും. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അന്വേഷണ നടപടികൾ ജുഡീഷ്യൽ കമ്മീഷൻ നിർത്തിവെച്ചിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണയിലിരിക്കെ എങ്ങനെ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനാകും എന്നായിരുന്നു ഹർജിയിൽ വാദം കേൾക്കവെ ഹൈക്കോടതിയുടെ ചോദ്യം. വഖഫ് ഭൂമിയിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിന് കഴിയില്ലെന്നും വഖഫ് അല്ലാത്ത ഭൂമിയിൽ കമ്മീഷനെ നിയോഗിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും ആയിരുന്നു കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ നിരീക്ഷണം. മുനമ്പം ജുഡീഷ്യൽ കമ്മീഷന് ജുഡീഷ്യൽ അധികാരമില്ലെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ പ്രാഥമിക മറുപടി. രാമചന്ദ്രൻ നായർ കമ്മീഷന് ജുഡീഷ്യൽ അധികാരമോ അർദ്ധ ജുഡീഷ്യൽ അധികാരമോ കമ്മീഷന് ഇല്ല. വസ്തുതാ അന്വേഷണമാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ മുനമ്പത്ത് നടത്തുന്നത് എന്നാണ് സർക്കാരിന്റെ വിശദീകരണം.
Content Highlights: Petition challenging the legality of the Munambam Judicial Commission High Court verdict today