
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ നാട്ടിലെത്തിച്ചു. ബെംഗളൂരുവില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് താമരശ്ശേരി പൊലീസ് ബെംഗളൂരുവിലെത്തി പെണ്‍കുട്ടിയെ തിരികെയെത്തിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്നാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പെണ്‍കുട്ടിയെ നാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും യുവാവിന് മേല്‍ എന്തെങ്കിലും വകുപ്പുകള്‍ ചുമത്തണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കുക.
മാര്‍ച്ച് പതിന്നൊന്ന് മുതലായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. രാത്രി വൈകിയും പെണ്‍കുട്ടി മടങ്ങിയെത്താതായതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ച് പതിനാലിന് പെണ്‍കുട്ടിയും ബന്ധുവായ യുവാവും തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ റൂം നല്‍കിയിരുന്നില്ല. പിന്നീട് വാര്‍ത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരന്‍ സിസിടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.
Content Highlights- 13 years old missing from thamarassery arrived