
Mar 19, 2025
04:18 AM
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ മൂന്നാംഘട്ട തെളിവെടുപ്പിനിടെ പ്രതി അഫാനും പിതാവ് റഹീമും മുഖാമുഖം വന്നു. വെഞ്ഞാറമൂട് ജങ്ഷനില്‍വെച്ചാണ് ഇരുവരും കണ്ടത്. അഫാനുമായുള്ള പൊലീസ് സംഘം ജീപ്പില്‍ വെഞ്ഞാറമ്മൂട് ജങ്ഷനിലെത്തി. ഇതിനിടെ പൊലീസ് വാഹനം സിഗ്നലില്‍പ്പെട്ട് അല്‍പനേരം കിടന്നു. ഈ സമയം പിതാവ് റഹീമും സുഹൃത്തും ജീപ്പ് നില്‍ക്കുന്നതിന്റെ എതിര്‍വശത്തെ പാത്രക്കടയ്ക്ക് മുന്നിലായിരുന്നു. ജീപ്പ് ശ്രദ്ധയില്‍പ്പെട്ട റഹീം അല്‍പനേരം നോക്കി നിന്ന ശേഷം മുഖം തിരിച്ച് പോകുകയായിരുന്നു. അഫാന്‍ ജീവിതത്തിലുണ്ടാക്കിയ നഷ്ടം നികത്താന്‍ കഴിയാത്തതാണെന്നാണ് റഹീമിന്റെ നിലപാട്. അഫാനെ ഒരിക്കലും കാണാന്‍ ശ്രമിക്കില്ലെന്ന് റഹീം നേരത്തെ പറഞ്ഞിരുന്നു.
സഹോദരന്‍ അഹ്‌സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയേയും കൊലപ്പെടുത്തിയ കേസിലായിരുന്നു അഫാനുമായി പൊലീസ് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയത്. ആദ്യം പേരുമലയിലെ വീട്ടിലായിരുന്നു തെളിവെടുപ്പ് നടന്നത്. അഹ്‌സാനെയും ഫര്‍സാനയേയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് അഫാന്‍ വിവരിച്ചു. ഉമ്മ ഷെമിയേയും ഇതേ വീട്ടില്‍വെച്ചായിരുന്നു അഫാന്‍ ആക്രമിച്ചത്. ഷെമിക്ക് നേരെയുള്ള ആക്രമണവും അഫാന്‍ പൊലീസിന് മുന്നില്‍ വിശദീകരിച്ചു. കൊല്ലാന്‍ ഉപയോഗിച്ച ചുറ്റികയും അതിടാനുള്ള ബാഗും വാങ്ങിയ കടകളിലും പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ ശേഷം കൈവശപ്പെടുത്തിയ സ്വര്‍ണമാല പണയംവെച്ച ധനകാര്യ സ്ഥാപനങ്ങളിലും തെളിവെടുപ്പ് നടന്നു.
അഞ്ച് കൊലപാതകങ്ങളിലായി മൂന്ന് കേസുകളാണ് അഫാനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സല്‍മാ ബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയതാണ് രണ്ടാമതായി രജിസ്റ്റര്‍ ചെയ്ത കേസ്. അഹ്‌സാനെയും ഫര്‍സാനയേയും കൊലപ്പെടുത്തിയതാണ് മൂന്നാമത്തെ കേസ്. മൂന്ന് കേസിലും തെളിവെടുപ്പ് പൂര്‍ത്തിയായി. എത്രയും പെട്ടെന്ന് കുറ്റപത്രം തയ്യാറാക്കി അഫാനെ വിചാരണയ്‌ക്കെത്തിക്കുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള ദൗത്യം. അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമിയെ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അഗതി മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റുവെന്ന മൊഴിയില്‍ ഷെമി ഉറച്ചുനില്‍ക്കുകയാണ്. മാനസികാരോഗ്യം വീണ്ടെടുത്ത ശേഷം ഷെമിയുടെ മൊഴി വീണ്ടുമെടുക്കും.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. അഞ്ച് പേരെയും കൊലപ്പെടുത്തിയ ശേഷം അഫാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്.
Content Highlights- Afan and father met near venjaramoodu junction while evidence collection process