
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ച ഉത്തരവില്‍ അപാകതയെന്ന് ആക്ഷേപം. ഉത്തരവിലെ അപാകതകള്‍ പരിഹരിച്ച് പുതിയ ഉത്തരവിറക്കണമെന്ന് ആശ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'ഫിക്‌സഡ് ഇന്‍സെന്റീവി'ന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഓണറേറിയം പകുതിയായി കുറക്കുമെന്നും പുതിയ ഉത്തരവിലുണ്ട്. എന്നാല്‍ ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നാണ് സമര സമിതിയുടെ ആവശ്യം. പിഴവ് ആസൂത്രിതമായി തിരുകി കയറ്റിയതെന്നാണ് ആശ വര്‍ക്കര്‍മാരുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കാനുള്ള മാനദണ്ഡം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഓണറേറിയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ച് മാനദണ്ഡങ്ങള്‍ കൂടി പിന്‍വലിച്ചായിരുന്നു ഉത്തരവ്. പത്ത് മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം നേരത്തെ പിന്‍വലിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ ഓണറേറിയം ലഭിക്കാനുള്ള നിര്‍ദേശങ്ങള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അതിനിടെ ആശമാര്‍ സമരം ശക്തമാക്കിയതോടെയാണ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. 12-ാം തീയതിയാണ് ഉത്തരവിറക്കിയത്.
നിലവില്‍ പ്രതിമാസം 7000 രൂപയാണ് ആശമാര്‍ക്ക് ഓണറേറിയമായി ലഭിക്കുന്നത്. 10 മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം പൂര്‍ത്തീകരിച്ചാലാണ് ഓണറേറിയമായ 7000 രൂപ ലഭിക്കുക. എന്നാല്‍ ഇനി മുതല്‍ ഓണറേറിയം ലഭിക്കാന്‍ മാനദണ്ഡങ്ങളുണ്ടാവില്ല. ഒപ്പം ഭവന സന്ദര്‍ശനത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രതിമാസം നല്‍കിവരുന്ന ഫിക്സഡ് ഇന്‍സെന്റീവായ 3000 അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും സര്‍ക്കാര്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയിട്ടുണ്ട്. ഇതിലാണ് അപാകതയുണ്ടെന്ന് ആശമാര്‍ ആരോപിക്കുന്നത്.
Content Highlights: Asha workers against Government order