മറ്റൊരാളുമായി സഹോദരിയുടെ വിവാഹം ഉറപ്പിച്ചത് ഫെബിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചു; എഫ്ഐആർ

തേജസ്‌ പൊലീസ് ഫിസിക്കൽ ടെസ്റ്റ്‌ പരാജയപ്പെട്ടു. ഇതോടെ പെൺകുട്ടി തേജസിൽ നിന്ന് അകന്നുവെന്നും എഫ്ഐആറിൽ പറയുന്നു

dot image

കൊല്ലം: മറ്റൊരാളുമായി ഫെബിന്‍റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചതാണ് തേജസിനെ കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് എഫ്ഐആർ. എഫ്ഐആറിന്‍റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ഫെബിൻ്റെ സഹോദരിയും തേജസും കൊല്ലം ക്രിസ്തു രാജ സ്കൂളിൽ പ്ലസ് ടുവിന് ഒന്നിച്ചാണ് പഠിച്ചത്. കൊവിഡ് കാലത്ത് പെൺകുട്ടി തേജസിനെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു. തേജസുമായുള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാരാണ് ആദ്യം അറിഞ്ഞത്. മറ്റൊരു മതത്തിൽപെട്ട ആളെ വിവാഹം കഴിക്കുമോ എന്ന് ഫെബിന്റെ മാതാവ് പെൺകുട്ടിയോട് ചോദിച്ചിരുന്നു.

പെൺകുട്ടി പറഞ്ഞതനുസരിച്ച് തേജസും ബന്ധം വീട്ടിൽ പറഞ്ഞിരുന്നു. വിവാഹത്തിന് രണ്ട് വീട്ടുകാരും സമ്മതിച്ചിരുന്നതാണ്. പെൺകുട്ടിക്ക് ബാങ്കിൽ ജോലി കിട്ടി. തേജസ്‌ പൊലീസ് ഫിസിക്കൽ ടെസ്റ്റ്‌ പരാജയപ്പെട്ടു. ഇതോടെ പെൺകുട്ടി തേജസിൽ നിന്ന് അകന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ഫോൺ വിളിച്ചിട്ട് എടുക്കാത്തത് വിഷമമുണ്ടാക്കി. മാർച്ച്‌ 9-ന് എറണാകുളം സ്വദേശിയുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചു. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചത് കൊലപാതകത്തിന് കാരണമായെന്ന് എഫ്ഐആറിലുണ്ട്.

തേജസ് രാജിനെ പിതാവ് കൗൺസിലിംഗിന് വിധേയമാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു. രണ്ട് കുപ്പി പെട്രോളുമായാണ് പ്രതി ഫെബിന്റെ വീട്ടിലെത്തിയത്. തേജസ് രാജ് കുത്താൻ ഉപയോഗിച്ച കത്തി ഫെബിൻ്റെ വീട്ടിൽ നിന്ന് എടുത്തതാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് 22കാരനായ തേജസ് രാജു വാഗൺ ആർ കാറിൽ ഫെബിന്റെ വീട്ടിലേക്കെത്തിയത്. ബുർഖ ധരിച്ച ശേഷമാണ് തേജസ് ഫെബിൻ്റെ വീട്ടുമുറ്റത്തേക്ക് എത്തിയത്.

ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നാണ് വിവരം. ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്കിറങ്ങി വന്നതോടെയാണ് പെട്രോൾ ഒഴിക്കാനുള്ള തീരുമാനം മാറ്റിയത്. തുടർന്ന് അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് ഫെബിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും ആക്രമണത്തിൽ പരിക്കേറ്റു.

പിന്നീട് കത്തി ഉപേക്ഷിച്ച് കാറിൽ കയറി തേജസ് രക്ഷപ്പെട്ടു. മൂന്ന് കിലോമീറ്ററോളം കാറോടിച്ച് ചെമ്മാൻമുക്ക് റെയിൽവെ ഓവർബ്രിഡ്ജിന് താഴെയെത്തി. ഇവിടെ വാഹനം നിർത്തി തേജസ് കൈഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങി. ഉടനെ തന്നെ വന്ന ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി ജീവനൊടുക്കുകയായിരുന്നു.

Content Highlights: febin and theju's death case at kollam updates

dot image
To advertise here,contact us
dot image