'ഇത് കോളജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ല' ; കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ​വിപ്ലവ ​ഗാനത്തിൽ വിമർശനവുമായി ഹൈക്കോടതി

ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്ന് കോടതി വിമർശനം ഉയർത്തി

dot image

കൊച്ചി: കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ​വിപ്ലവ ​ഗാനാലാപനത്തിൽ വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്നും കോടതി വിമർശനം ഉയർത്തി.

ഇത് ക്ഷേത്രോത്സവമാണ്, കോളജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ല. ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്. എന്തിനാണ് സ്‌റ്റേജില്‍ ഇത്രയും പ്രകാശ വിന്യാസം. ഭക്തരിൽ നിന്ന് ശേഖരിക്കുന്ന പണം ഇത്തരം കാര്യങ്ങൾക്ക് ചെലവാക്കേണ്ടതല്ല. ദൈവത്തിനായി നല്‍കുന്ന പണം അധികമുണ്ടെങ്കില്‍ അവിടെ വരുന്നവര്‍ക്ക് അന്നദാനം നല്‍കൂ. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്നും കോടതി പറഞ്ഞു.

സംഭവത്തിൽ കടയ്ക്കൽ ദേവിക്ഷേത്രം ഉപദേശക സമിതിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ക്ഷേത്രോത്സവത്തിൻ്റെ പ്രോ​ഗ്രാം നോട്ടീസ് നൽകിയിരുന്നില്ലായെന്നും ദേവസ്വം ബോർഡ് അറിയിച്ചു. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തി വരികയാണ്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും ഹൈക്കോടതി താക്കീത് നൽകി.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലാണ് കടയ്ക്കല്‍ ദേവീ ക്ഷേത്രം. മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയിലാണ് പാര്‍ട്ടി ഗാനം ആലപിച്ചത്. പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനവുമുയര്‍ന്നിരുന്നു. സിപിഐഎം സംഘടനയായ വ്യാപാരി വ്യവസായി സമിതി മടത്തറ, ആൾത്തറമൂട് യൂണിറ്റുകൾ, വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ കമ്മിറ്റി എന്നിവരുടെ വഴിപാടായാണ് സംഗീത പരിപാടി നടത്തിയത്.

Content Highlights- 'This is not a college union festival'; High Court criticizes revolutionary song at Kadakkal Devi temple

dot image
To advertise here,contact us
dot image