
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കടല മുഹമ്മദ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 ന് കോഴിക്കോട് കാന്തപുരം ജുമാ മസ്ജിദിലാണ് ഖബറടക്കം. കോഴിക്കോട് മാനാഞ്ചിറയില്‍ കടല വിറ്റ് ജീവിച്ചിരുന്ന മുഹമ്മദ് നക്‌സലൈറ്റ് അനുഭാവിയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നടന്ന ജനകീയ വിചാരണയടക്കുള്ള നക്‌സലൈറ്റ് ആക്ഷനുകളില്‍ നേരിട്ട് പങ്കാളിയുമായിരുന്നു.
നഗരത്തിലെത്തുന്ന സഖാക്കള്‍ക്ക് അഭയമൊരുക്കുന്ന ചുമതലയായിരുന്നു മിക്കപ്പോഴും അദ്ദേഹം നിര്‍വഹിച്ചിരുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ വ്യാജ മൊഴി നല്‍കാനായി കടല മുഹമ്മദിനെ തമിഴ്‌നാട്ടില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പിടികൂടി കൊണ്ടുപോവുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ പൊലീസ് പിന്‍മാറുകയായിരുന്നു.
കെ വേണു, മുരളി കണ്ണമ്പള്ളി, കെഎന്‍ രാമചന്ദ്രന്‍, ഗ്രോവാസു, എംഎന്‍ രാവുണ്ണി, പിടി തോമസ്, എംഎം സോമശേഖരന്‍ എന്നിങ്ങനെ നിരവധി നക്‌സലൈറ്റ് നേതാക്കളെ ഒളിവില്‍ താമസിപ്പിച്ചിട്ടുണ്ട്. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കോഴിക്കോട്ടെ ആതിഥേയന്‍ എന്നാണ് കവി കല്‍പറ്റ നാരായണന്‍ കടല മുഹമ്മദിനെ വിശേഷിപ്പിച്ചിരുന്നത്. നഗരത്തിലെ എല്ലാ രാഷ്ട്രീയ സാംസ്‌കാരിക സമര പരിപാടികളിലും ദീര്‍ഘകാലം മുഹമ്മദ് സജീവമായിരുന്നു. 2017 ല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് നടന്ന യുഎപിഎ വിരുദ്ധ പ്രക്ഷോഭത്തില്‍ വെച്ച് കുഴഞ്ഞുവീണതിന് ശേഷമാണ് കിടപ്പിലായത്.
Content Highlights: Kadala Muhammed passed away