
കൊല്ലം: 65തവണ പിഴയടച്ച ചീറ്റപ്പുലി ബസ് റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ മന്ത്രിയുടെ നിർദേശ പ്രകാരം പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസിന്റെ പെർമിറ്റ് റദ്ദാക്കാനും തീരുമാനമായി. ചീറ്റപ്പുലി റോഡിൽ വേണ്ട, കാട്ടിൽ മതിയെന്നും മന്ത്രി കെ ബി ഗണേഷ്കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. ബസുകളുടെ മത്സരയോട്ടം തടയാൻ മന്ത്രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അടിയന്തരയോഗം ചേരുന്നുണ്ട്.
ഇത്തരത്തിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന വണ്ടികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയല്ല, പെർമിറ്റ് തന്നെ റദ്ദാക്കുമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. എംവിഡിയുടെ അടക്കം കണ്ണ് വെട്ടിച്ച് ചീറ്റപ്പുലി ബസ് എങ്ങനെ സർവീസ് നടത്തി എന്നുള്ളത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസുമായുള്ള ഒരു സംയുക്തയോഗവും മന്ത്രിയുടെ നേതൃത്വത്തിൽ വിളിക്കും. പൊലീസിന്റെ ഉയർന്ന ഉദ്യോഗസ്ഥരടക്കം ഈ യോഗത്തിൽ പങ്കെടുക്കും.
Content Highlights :'No leopard on the road, just in the forest'; KB Ganesh Kumar, MVD seizes bus, reporter big impact