
പാലക്കാട്: ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തല്‍ നടപടി നേരിട്ട സിപിഐഎം നേതാവ് പി കെ ശശി ഇനി മണ്ണാര്‍ക്കാട് നായാടിപ്പാറ പാര്‍ട്ടി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും. മണ്ണാര്‍ക്കാട് സിപിഐഎം ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം.
നേരത്തെ അച്ചടക്ക നടപടിയെടുത്ത് ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയിരുന്നെങ്കിലും ബ്രാഞ്ച് ഏതാണെന്ന് തീരുമാനിച്ചിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഏരിയാ കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്.
ഇനി പാര്‍ട്ടി മേല്‍ക്കമ്മിറ്റികളിലേക്കെത്താന്‍ ബ്രാഞ്ച് തലം മുതല്‍ ശശിക്ക് വീണ്ടും പ്രവര്‍ത്തിക്കണം. പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചിരുന്നെങ്കിലും കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നില്ല. കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐഎം ജില്ലാ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഗുരുതരമായ പിഴവുകള്‍ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പൊതു ചര്‍ച്ചയ്ക്ക് ഇടയിലായിരുന്നു പ്രതിനിധികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ശശിക്കെതിരെ പാര്‍ട്ടി നേരത്തെ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ജില്ലയില്‍ വിഭാഗീയത ഉണ്ടാവുമായിരുന്നില്ലെന്ന് ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പി കെ ശശിയെ കെടിഡിസി, സിഐടിയു ജില്ലാ പ്രസിഡന്റ് പദവികളില്‍ നിന്നും നീക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം തീരുമാനിക്കാന്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലയില്‍ നിലപാട് എടുക്കാനായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.
നേരത്തെ പി കെ ശശിക്കെതിരായി സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം അംഗീകാരം നല്‍കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും പികെ ശശിയെ ഒഴിവാക്കാനായിരുന്നു തീരുമാനം. ഇതോടെ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിയെ ബ്രാഞ്ചിലേയ്ക്ക് തരംതാഴ്ത്തുകയായിരുന്നു.
പി കെ ശശിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ ഗുരുതര അച്ചടക്ക ലംഘനം സിപിഐഎം കണ്ടെത്തിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്ന് നേരത്തെ സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പി കെ ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണ്. മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നുമായിരുന്നു പ്രധാന വിമര്‍ശനം.
ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഗുരുതരമായ വീഴ്ച്ചയാണ്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വ്യക്തിഗത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളില്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും അടക്കമുള്ള വിമര്‍ശനങ്ങള്‍ സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്നിരുന്നു.
Content Highlights: PK Sasi will work at the CPIM Nayadippara branch