
കൊച്ചി: ഗുരുതരമായി പരിക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിന്റെ വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തുടരെ ഹോണടിച്ചിട്ടും യുവതി സ്‌കൂട്ടര്‍ ഒതുക്കി നല്‍കിയില്ലെന്ന പരാതി ലഭിച്ചിരുന്നു. കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ശനിയാഴ്ചയാണ് സംഭവം നടന്നത്. ആറ് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. 5000 രൂപ പിഴയും അടക്കണം.
ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൈ അറ്റുപോയ രോഗിയുമായി കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയതായിരുന്നു ആംബുലന്‍സ്. ഇതിനിടെ തൊട്ടുമുന്നില്‍ സ്‌കൂട്ടറിലുണ്ടായിരുന്ന സ്ത്രീ മാര്‍ഗതടസ്സം സൃഷ്ടിച്ചു എന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ആംബുലന്‍സിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് വീഡിയോ ചിത്രീകരിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് യുവതി ഓടിച്ചിരുന്നത്.
രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിയുകയായിരുന്നു.
Content Highlights: