
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. പേരുമലയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ചുറ്റിക വാങ്ങിയ കട, ബാഗ്, സ്വർണ്ണം പണയപ്പെടുത്തിയ സ്ഥലം തുടങ്ങിയ ഇടങ്ങളിൽ അഫാനെ എത്തിച്ചു. എലി വിഷം, പെപ്സി സിഗരറ്റ്, മുളകുപൊടി തുടങ്ങിയവ വാങ്ങിയ കടയിലും അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ബൈക്കിലെത്തി ഫർസാനയെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്തും തെളിവെടുപ്പ് പൂർത്തീകരിച്ചു. അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അഫാൻ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നേരത്തെ അഫാനുമായി പാങ്ങോട്, കിളിമാനൂർ പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്.
അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. അതേസമയം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട അഫാൻ്റെ മാതാവ് ഷെമി അഗതിമന്ദിരത്തിലാണ്.
Content Highlights : Venjaramoodu massacre: Evidence collection with accused Afan completed